കൊമേഴ്സിലൂടെ പടവുകൾ കയറാം

പി കെ അൻവർ മുട്ടാഞ്ചേരി
Published on Nov 19, 2025, 08:28 AM | 3 min read
ബിസിനസ്, അക്കൗണ്ടിങ്, ഫിനാൻസ്, ബാങ്കിങ്, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാന അറിവുകൾ നൽകുന്ന പഠനശാഖയാണ് കൊമേഴ്സ്. ആധുനിക ലോകത്ത് കൊമേഴ്‌സ് പഠനം കൂടുതൽ പ്രസക്തവും ആകർഷകവുമായി മാറുകയാണ്. താൽപ്പര്യമുള്ളവർക്ക് കൃത്യമായ പ്ലാനിങ്ങിലൂടെ ഈ രംഗത്ത് മികച്ചൊരു കരിയർ നേടാനാകും. പരമ്പരാഗതവും പ്രൊഫഷണലുമായ നിരവധി കോഴ്സുകൾ ഈ മേഖലയിൽ മികച്ച അവസരങ്ങൾ തുറന്നുതരുന്നുണ്ട്.
ഉപരിപഠന സാധ്യതകൾ
ബിരുദതലം
ബാച്ചിലർ ഓഫ് കൊമേഴ്സ് (ബികോം): കൊമേഴ്‌സിലെ അടിസ്ഥാന ബിരുദമാണിത്. അക്കൗണ്ടിങ്, ടാക്സേഷൻ, ഫിനാൻസ്, കോ-ഓപ്പറേഷൻ തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ സ്പെഷ്യലൈസേഷനും തെരഞ്ഞെടുക്കാം. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET UG) വഴി വിവിധ സെൻട്രൽ യൂണിവേഴ്സിറ്റികളിലും ബികോം പഠിക്കാം.
കേരളത്തിൽ എംജി, കേരള, കലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്കുകീഴിലുള്ള നിരവധി കോളേജുകളിലും ബികോമിന് അവസരമുണ്ട്. സർവകലാശാലകളുടെ കീഴിലുള്ള അഫിലിയേറ്റ് കോളേജുകളിൽ യൂണിവേഴ്സിറ്റിയുടെ കേന്ദ്രീകൃത അലോട്ട്മെന്റ് വഴിയാണ് പ്രവേശനം.
ബികോമിനുശേഷം താൽപ്പര്യമനുസരിച്ച് ഇൻവെസ്റ്റ്മെന്റ് ആൻഡ് സെക്യൂരിറ്റീസ്, ക്രെഡിറ്റ് അനാലിസിസ്, അക്കൗണ്ട്സ് പ്രാക്ടീസ്, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഇൻഷുറൻസ്, ആക്ച്വറി, ഫിനാൻഷ്യൽ പ്ലാനിങ്, സ്റ്റോക്ക് മാർക്കറ്റ് ആൻഡ് ഇക്വിറ്റി റിസർച്ച്, ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, എയർപോർട്ട് മാനേജ്മെന്റ്, ഈവന്റ് മാനേജ്മെന്റ്, ടൂറിസ്റ്റ് ഗൈഡ്, വെൽത്ത് മാനേജ്മെന്റ്, ഫിനാൻഷ്യൽ ഫ്രോഡ് ഡിറ്റക്‌ഷൻ, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്, റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി, റീട്ടെയിൽ ഓപ്പറേഷൻ മാനേജ്‌മെന്റ്, ഫിനാൻഷ്യൽ റിസ്ക് അനാലിസിസ് ആൻഡ് റിസ്ക് മാനേജ്‌മെന്റ്, മാർക്കറ്റ് റിസർച്ച്, ടാക്സ് പ്ലാനിങ് ആൻഡ് മാനേജ്മെന്റ്, ഗ്ലോബൽ ട്രേഡ്, എക്സ്‌പോർട്ട് ആൻഡ് ഇംപോർട്ട് മാനേജ്മെന്റ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം നേടി തൊഴിൽസാധ്യത ഉറപ്പാക്കാം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ജോലിസാധ്യതയുള്ള പ്രോഗ്രാമാണ്.
ബിബിഎ: മാനേജ്മെന്റ് മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന കോഴ്സാണിത്. വിവിധ സെൻട്രൽ യൂണിവേഴ്സിറ്റികൾ, കേരളത്തിലെ യൂണിവേഴ്സിറ്റികൾ, പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ തുടങ്ങിയവയുടെ കീഴിലും ബിബിഎ പഠിക്കാൻ അവസരമുണ്ട്.
മറ്റ് കോഴ്സുകളായ ബാച്ചിലർ ഓഫ് അക്കൗണ്ട്സ് ആൻഡ് ഫിനാൻസ്, ബാച്ചിലർ ഓഫ് ഫിനാൻഷ്യൽ മാർക്കറ്റ്സ്, ബിവോക് ബാങ്കിങ് ആൻഡ് ഫിനാൻസ് സർവീസ്, ബിവോക് അക്കൗണ്ട്സ് ആൻഡ് ടാക്സേഷൻ തുടങ്ങിയവയും ബിരുദതലത്തിൽ പരിഗണിക്കാം.
ബിരുദാനന്തരതലം
തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വിവിധ സ്പെഷ്യലൈസേഷനുകളോടെ മാസ്റ്റർ ഓഫ് കൊമേഴ്സ് (എംകോം) പഠിക്കാൻ അവസരമുണ്ട്. എംകോമിനുശേഷം കൊമേഴ്സിൽ ബിഎഡ് പൂർത്തിയാക്കി ഹയർ സെക്കൻഡറി തലത്തിലും യുജിസി നെറ്റ് വഴി കോളേജുതലത്തിലും അധ്യാപകരാകാം. ഏതു ബിരുദ കോഴ്സിനുശേഷവും പരിഗണിക്കാവുന്ന ഏറെ തൊഴിൽസാധ്യതയുള്ള മേഖലയാണ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ). CAT, MAT, CMAT, GMAT, KMAT, XAT പോലെയുള്ള പരീക്ഷകൾവഴി മികച്ച സ്ഥാപനങ്ങളിൽ വിവിധ സ്പെഷ്യലൈസേഷനുകളിൽ എംബിഎ പ്രവേശനം നേടാം. പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്ക് IPMAT, JIPMAT തുടങ്ങിയ പരീക്ഷകൾവഴി നേരിട്ടും ഐഐഎമ്മുകളിൽ ഇന്റഗ്രേറ്റഡ് എംബിഎക്ക് അവസരമുണ്ട്.
ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റൽ സ്റ്റഡീസ്, ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, ഫിനാൻഷ്യൽ പ്ലാനിങ്, ഫിനാൻഷ്യൽ അനാലിസിസ് തുടങ്ങിയ മേഖലകളിൽ മാസ്റ്റേഴ്സ് പ്രോഗ്രാമും പരിഗണിക്കാം. വിവിധ സ്ഥാപനങ്ങളിൽ ഗവേഷണ അവസരങ്ങളുമുണ്ട്.
പൊതുവായ അവസരങ്ങളും
നിയമപഠനം, സോഷ്യൽ വർക്ക്, ജേർണലിസം, ലൈബ്രറി സയൻസ്, ഇംഗ്ലീഷ്, ട്രാവൽ ആൻഡ് ടൂറിസം, ഹോട്ടൽ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, മാസ് കമ്യൂണിക്കേഷൻ, പോപ്പുലേഷൻ സ്റ്റഡീസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, വിഷ്വൽ കമ്യൂണിക്കേഷൻ, വിമൻ സ്റ്റഡീസ്, സൗത്ത് ഏഷ്യൻ സ്റ്റഡീസ് തുടങ്ങി കൊമേഴ്സ് മേഖലയിൽനിന്ന് വ്യത്യസ്തമായ പ്രോഗ്രാമുകളും താൽപ്പര്യമനുസരിച്ച് തെരഞ്ഞെടുക്കാം. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് യുപിഎസ്‌സി, എസ്‌എസ്‌സി, ആർആർബി, ഐബിപിഎസ്, ആർബിഐ തുടങ്ങിയവ നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്കും തയ്യാറെടുക്കാം.
ചാർട്ടേഡ് കോഴ്സുകൾ
ചാർട്ടേഡ് അക്കൗണ്ടൻസി (CA): അക്കൗണ്ടിങ്, ഓഡിറ്റിങ്, ടാക്സേഷൻ തുടങ്ങിയവയിൽ വൈദഗ്ധ്യം നേടുന്ന കോഴ്സ്. പ്ലസ്ടുവാണ് യോഗ്യത.
കമ്പനി സെക്രട്ടറി (CS): കമ്പനി നിയമപ്രകാരം നടപ്പാക്കേണ്ട കാര്യങ്ങൾ കമ്പനി പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് കമ്പനി സെക്രട്ടറിയുടെ പ്രധാന ചുമതല. പ്ലസ്ടുവാണ് യോഗ്യത.
കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്: ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ചെലവുകൾ നിയന്ത്രിക്കുന്നതിനും മാനേജ്‌മെന്റിനെ സഹായിക്കുന്ന കോഴ്സ്. പ്ലസ്ടുവാണ് യോഗ്യത.
നൂതന കോഴ്സുകൾ
ബിസിനസ് അനലിറ്റിക്സ്, ക്രെഡിറ്റ് അനാലിസിസ്, ഇ–കൊമേഴ്സ്, ഇ–ബിസിനസ്, ഡിജിറ്റൽ മാർക്കറ്റിങ്, ഇൻവെസ്റ്റ്മെന്റ് ആൻഡ് സെക്യൂരിറ്റീസ്, ഇൻസോൾവെൻസി റെസല്യൂഷൻ, ബിസിനസ് ഇന്റലിജൻസ്, ഫിൻടെക് തുടങ്ങിയ മേഖലകളിൽ പഠനം നടത്തി ആഗോളതലത്തിൽത്തന്നെ മികച്ച ജോലികളിലെത്താൻ അവസരമുണ്ട്. മുംബൈ ആസ്ഥാനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)യുടെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ് (NISM) സെക്യൂരിറ്റി മാർക്കറ്റ്സ്, സ്റ്റോക്സ്, ഷെയേഴ്സ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകൾ നൽകുന്നുണ്ട്.








0 comments