ഹയര്‍ സെക്കൻഡറി അധ്യാപക യോഗ്യതാപരീക്ഷ

ഡോ. രാജേഷ് ബാബു കെ ആർ
Published on Nov 19, 2025, 07:34 AM | 1 min read
ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരായും വിഎച്ച്എസ്ഇയിലെ നോൺ-വൊക്കേഷണൽ അധ്യാപകരായും തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതാപരീക്ഷയായ സെറ്റ് ജനുവരി 2026 പരീക്ഷയ്ക്ക് (SET) 28 വരെ അപേക്ഷിക്കാം. ആകെ 31 വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. കൂടാതെ ജനറൽ പേപ്പർ പരീക്ഷയും എഴുതണം. ബന്ധപ്പെട്ട വിഷയങ്ങളിൽ 50 ശതമാനത്തില്‍ കുറയാത്ത മാർക്കോ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോടുകൂടിയ ബിരുദാനന്തര ബിരുദവും കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിഎഡ് ബിരുദവും നേടിയിട്ടുള്ളവർക്കും അല്ലെങ്കിൽ തത്തുല്യമായി അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും സർവകലാശാലയിൽനിന്ന് ഈ യോഗ്യതകൾ നേടിയിട്ടുള്ളവർക്കും അപേക്ഷിക്കാം.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ എൻസിഇആർടിയുടെ കീഴിലുള്ള ഏതെങ്കിലും റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനിൽനിന്ന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ എംഎസ്‌സി.എഡ് ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ബോട്ടണി, സുവോളജി എന്നിവയ്ക്ക് ഏതെങ്കിലും റീജണൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലൈഫ് സയൻസിൽ എംഎസ്‌സി.എഡ് ബിരുദം (50 ശതമാനത്തിൽ കുറയാത്ത മാർക്ക്) നേടിയവർക്കും അപേക്ഷിക്കാൻ യോഗ്യതയുണ്ട്. കൊമേഴ്‌സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, സംഗീതം, തത്വചിന്ത, മനശ്ശാസ്ത്രം, റഷ്യൻ, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് എന്നീ വിഷയങ്ങൾക്ക് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാൻ ബിഎഡ് ബിരുദം ആവശ്യമില്ല.
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ 50 ശതമാനം മാർക്കോടെ രണ്ടാംക്ലാസ് മാസ്റ്റേഴ്‌സ് ബിരുദവും ബിഎഡും നേടിയവർക്ക് ഇംഗ്ലീഷിൽ സെറ്റ് എഴുതാൻ അർഹതയുണ്ട്. അറബി, ഉറുദു, ഹിന്ദി ഭാഷകളിൽ ഡിഎൽഇഡി/എൽടിടിസി നേടിയവര്‍ക്ക് ബിഎഡ് ബിരുദമില്ലാതെ സെറ്റിന് അപേക്ഷിക്കാം. ബയോടെക്നോളജി വിഷയത്തിൽ, 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നാച്യുറല്‍ സയന്‍സില്‍ ബിഎഡ് ബിരുദവും ഉള്ളവർക്ക് സെറ്റ് എഴുതാം. അവസാനവര്‍ഷ പിജി / ബിഎഡ് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പരീക്ഷ എഴുതുന്നതിന് പ്രായപരിധിയില്ല. വിവരങ്ങൾക്ക്: www.lbscentre.kerala. gov.in.








0 comments