ലബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം: 13 പേർ കൊല്ലപ്പെട്ടു

photo credit: X
സിഡോൺ : ലബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് തെക്കൻ ലെബനനിലെ അഭയാർഥി ക്യാമ്പിൽ ആക്രമണമുണ്ടായത്. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിൽ വെടിനിർത്തൽ ഒപ്പുവച്ചതിനുശേഷം ലബനനിൽ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.
തീരദേശ നഗരമായ സിഡോണിലുള്ള ഐൻ എൽ-ഹിൽവേ അഭയാർഥി ക്യാമ്പിലെ ഒരു പള്ളിയുടെ പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന കാറിൽ ഡ്രോൺ പതിച്ചതായി ദേശീയ വാർത്താ ഏജൻസി അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഹമാസ് കേന്ദ്രത്തെയാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിന്റെ വാദം. ഇസ്രയേലിനും സൈന്യത്തിനുമെതിരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ചിരുന്ന പരിശീലന കേന്ദ്രമാണ് ആക്രമിച്ചതെന്നും ഹമാസിനെതിരെ ആക്രമണം തുടരുമെന്നും ഇസ്രയേൽ വാദിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തലിന് ശേഷമുള്ള ഇസ്രായേലി സൈനിക നടപടികളിൽ 270ലധികം പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.








0 comments