എസ്‌എസ്‌സി പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമം; ഉത്തരാഖണ്ഡിൽ യുവാവ് പിടിയിൽ

ഡെറാഡൂൺ : എസ്‌എസ്‌സി പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഹരിയാന റോഹ്തക് സ്വദേശിയായ ദീപക് ആണ് പിടിയിലായത്. ചൊവ്വാഴ്ച നടന്ന സ്റ്റാഫ് സെലക്ഷൻ കമീഷൻ പരീക്ഷയിലാണ് യുവാവ് ബ്ലൂടൂത്ത് ഉപകരണവുമായി എത്തിയത്. പരീക്ഷയിൽ കോപ്പിയടിക്കാൻ ഇയാളെ സഹായിച്ച മറ്റ് രണ്ട് പേർക്കായി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
സ്റ്റാഫ് സെലക്ഷൻ കമീഷന്റെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള 'കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ' നവംബർ 12 മുതൽ 30 വരെ മഹാദേവി ഇന്റർ കോളേജിലെ മഹാദേവ് ഡിജിറ്റൽ സോണിൽ ഓൺലൈനായി നടത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മുതൽ 11 വരെ നടന്ന ആദ്യ ഷിഫ്റ്റ് പരീക്ഷയിലാണ് ദീപക് എത്തിയത്.
പരീക്ഷാ കേന്ദ്രത്തിൽ പരിശോധനയ്ക്ക് ശേഷമാണ് ഉദ്യോഗാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. കുറച്ചു സമയത്തിനുശേഷം, വിശ്രമമുറിയിലേക്ക് പോകാനെന്ന വ്യാജേന ദീപക് ഹാളിൽ നിന്നിറങ്ങി. തിരിച്ചെത്തിയപ്പോൾ വീണ്ടും പരിശോധന നടത്തിയപ്പോൾ ഇയാളുടെ കൈവശം ബ്ലൂടൂത്ത് ഉപകരണം കണ്ടെത്തി. ചോദ്യം ചെയ്യലിൽ, പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരനായ ലക്കി സിങ്ങാണ് തനിക്ക് ഉപകരണം നൽകിയതെന്നും, ഉത്തരങ്ങൾ കണ്ടെത്താൻ തന്റെ മറ്റൊരു പരിചയക്കാരൻ ജെയ്‌ഷെ സഹായിക്കുമെന്നും ദീപക് വെളിപ്പെടുത്തി.
അധികൃതർ പൊലീസിൽ പരാതി നൽകുകയും ദീപക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലക്കി സിങ്ങിനെയും ജെയ്‌ഷെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 2024 ലെ പൊതു പരീക്ഷാ (അന്യായ മാർഗങ്ങൾ തടയൽ) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.








0 comments