ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഫയലുകൾ പുറത്തുവിടാൻ ബിൽ പാസാക്കി, ട്രംപിന് അയച്ചു

വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള ഫയലുകൾ പരസ്യമായി പുറത്തുവിടാൻ ആവശ്യപ്പെട്ടുള്ള ബിൽ പാസാക്കി. ബില്ലിനെതിരെയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും റിപ്പബ്ലിക്കൻ നേതൃത്വത്തിന്റെയും എതിർപ്പ് മറികടക്കാൻ മാസങ്ങളായി പോരാട്ടം തുടരുകയായിരുന്നു. ഫയലുകൾ പരസ്യപ്പെടുത്താൻ നീതിന്യായ വകുപ്പിനെ നിർബന്ധിക്കുന്ന ബിൽ പാസാക്കുന്നതിൽ ഹൗസും സെനറ്റും നിർണായക പങ്ക് വഹിച്ചു. എപ്സ്റ്റീനെതിരെയുള്ള കേസ് ഫയലുകൾ നീതിന്യായ വകുപ്പ് പുറത്തുവിടണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു.
കഴിഞ്ഞ ജൂണിൽ ബില്ലുകൾ ഹൗസ് ഫ്‌ളോറിൽ അവതരിപ്പിക്കണമെന്ന് ഉഭയകക്ഷി സംഘം നിവേദനം നൽകി. എന്നാൽ വിഷയം "തട്ടിപ്പ്" ആണെന്നും തള്ളിക്കളയണമെന്നും ട്രംപ് തന്റെ അനുയായികളോടും സ്പീക്കർ ജോൺസണോടും ആവശ്യപ്പെട്ടു. വോട്ടെടുപ്പ് തടയാനുള്ള ശ്രമങ്ങളിൽ ട്രംപും ജോൺസണും പരാജയപ്പെട്ടു. 427-1 എന്ന വോട്ടിനാണ് ബില്ല് പാസാക്കിയത്. ലൂസിയാന റിപ്പബ്ലിക്കൻ പ്രതിനിധിയും ട്രംപിന്റെ അനുയായിയുമായ ക്ലേ ഹിഗ്ഗിൻസ് മാത്രമാണ് ബില്ലിനെ എതിർത്തത്. ഹൗസ് ബിൽ പാസാക്കി മണിക്കൂറുകൾക്കകം സെനറ്റിലേക്ക് അയച്ചു. സെനറ്റും ഏകകണ്ഠമായി ബിൽ പാസാക്കി. ഇതോടെ ട്രംപിന് ബില്ലിൽ ഒപ്പിടാതെ മറ്റ് വഴികളില്ലാതായി. ബിൽ 30 ദിവസത്തിനുള്ളിൽ ഒപ്പിട്ട് തിരിച്ചയക്കണം.
നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായുള്ള കേസിൽ കുപ്രസിദ്ധനാണ് എപ്സ്റ്റീൻ. 2006-ലാണ് അറസ്റ്റിലായത്. 2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നൂറുകണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസുകൾ. മറ്റ് കേസുകളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
2003-ൽ എപ്സ്റ്റീനും ട്രംപും സുഹൃത്തുക്കളായിരുന്നു. ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസ നേർന്ന് ഡൊണൾഡ് ട്രംപ് അയച്ചതായി പറയുന്ന വിവാദ അശ്ലീലക്കുറിപ്പും ചിത്രവും പുറത്തുവന്നിരുന്നു. ഹൗസ് ഓവർസൈറ്റ് കമ്മിറ്റി നടത്തിയ ഒരു പ്രത്യേക അന്വേഷണത്തിൽ എപ്സ്റ്റീന്റെ എസ്റ്റേറ്റിൽ നിന്ന് ആയിരക്കണക്കിന് പേജുകളുള്ള ഇമെയിലുകളും മറ്റ് രേഖകളും പുറത്തുവന്നിട്ടുണ്ട്. വിവാദമായ ജന്മദിന പുസ്തകത്തിന്റെ സ്കാൻ ചെയ്ത കോപ്പി പുറത്തായിരുന്നു. "ദി ഫസ്റ്റ് ഫിഫ്റ്റി ഇയേഴ്‌സ്" എന്ന തലക്കെട്ടിലാണ് പുസ്തകം. എപ്‌സ്റ്റീന്റെ അസോസിയേറ്റായ ഗിസ്ലെയ്ൻ മാക്‌സ്‌വെൽ എഴുതിയ ആമുഖം ഉൾപ്പെടെ 10 വിഭാഗങ്ങളാണുള്ളത്.
ബിൽ ക്ലിന്റൺ, ശതകോടീശ്വരൻ ലിയോൺ ബ്ലാക്ക്, ഹാർവാർഡ് ലോ സ്‌കൂൾ പ്രൊഫസറും ഒരു കാലത്ത് ട്രംപിന്റെ അഭിഭാഷകനുമായ അലൻ ഡെർഷോവിറ്റ്‌സ്, യുഎസിലെ ബ്രിട്ടീഷ് അംബാസഡർ ആയിരുന്ന പീറ്റർ മണ്ടൽസൺ, ലെസ് വെക്‌സ്‌നർ എന്നിവരും ഈ പുസ്തകത്തിൽ ആശംസാ സംഭാവനകൾ നൽകിയതായി റിപ്പോർട് പറയുന്നു.









0 comments