ബയോമെഡിക്കൽ ഗവേഷണം: സാധ്യത വിപുലം

പ്രൊഫ. കെ പി ജയരാജന്‍
Published on Nov 19, 2025, 09:22 AM | 2 min read
ബയോ മെഡിക്കൽ ഗവേഷണത്തിന്റെ സാധ്യതകൾ വർധിച്ചുവരികയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് - ആരോഗ്യ ഗവേഷണവകുപ്പിന്റെ ജൂനിയർ റിസർച്ച് ഫെലോഷിപ് അവാർഡിനുള്ള യോഗ്യതാപരീക്ഷയ്‌ക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബയോമെഡിക്കൽ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നതിനുള്ള ഈ യോഗ്യതാപരീക്ഷയ്‌ക്ക് നോൺ മെഡിക്കൽ ബിരുദാനന്തര ബിരുദധാരികൾക്കും ഫാർമക്കോളജി, സോഷ്യൽ വർക്ക് തുടങ്ങിയ 25 വിഷയങ്ങളിലെയും പിജിക്കാർക്ക് അർഹതയുണ്ട്. ന്യൂഡൽഹി എയിംസാണ് ഈ വർഷത്തെ ബയോമെഡിക്കൽ റിസർച്ച് എലിജിബിലിറ്റി ടെസ്റ്റ് (DHR-BRET 2025) നടത്തുന്നത്.
ഇതിനുള്ള അപേക്ഷകൾ നവംബർ 21 വരെ ഓൺലൈനിൽ നൽകാം.
യോഗ്യത നേടുന്നവർക്ക് ഇന്ത്യയിലെ സർവകലാശാലകൾ/ മെഡിക്കൽ കോളേജുകൾ/ ഐസിഎംആർ ഗവേഷണ സ്ഥാപനങ്ങൾ/ നാഷണൽ ലബോറട്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്നതിന് ഫെലോഷിപ് ലഭിക്കും.
ഗവേഷണ മേഖലകൾ
പുതിയ ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവയുടെ രൂപകൽപ്പന ചെയ്യുന്ന മെഡിക്കൽ ഉപകരണ നിർമാണം, കൃത്രിമ അവയവങ്ങളും ടിഷ്യൂ എൻജിനിയറിങ്ങിനുമുള്ള സാമഗ്രികൾ വികസിപ്പിക്കുന്ന ബയോ മെഡിക്കൽ ഇംപ്ലാന്റിങ് മേഖല, ആരോഗ്യസ്ഥിതി തുടർച്ചയായി നിരീക്ഷിക്കാൻ സഹായിക്കുന്ന സ്മാർട്ട് വാച്ചുകൾ, ബയോ സെൻസറുകൾ തുടങ്ങിയ ഉപകരണങ്ങളുടെ സാങ്കേതികവിദ്യ, കോശങ്ങളെയും അവയവങ്ങളെയും പുനരുജ്ജീവിപ്പിക്കാനോ മാറ്റിവയ്‌ക്കാനോ ഉള്ള പുനരുജ്ജീവന വൈദ്യശാസ്ത്രം എന്നിങ്ങനെ ബയോമെഡിക്കൽ ഗവേഷണത്തിന്റെ സാധ്യതകൾ വിപുലവും വൈവിധ്യമാർന്നതുമാണ്.
മെഡിക്കൽ സയന്റിസ്റ്റ്, ഇൻഫർമാറ്റിക്സ് സ്പെഷ്യലിസ്റ്റ്, ബയോ സ്റ്റാറ്റിസ്റ്റിഷ്യൻ, മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസ് മാനേജർ, ബയോടെക്നോളജി റിസർച്ച് സയന്റിസ്റ്റ് തുടങ്ങിയ ജോലികളിൽ മികച്ച അവസരം ലഭിക്കും. സിഎസ്ഐആർ, ഐസിഎംആർ എന്നീ സ്ഥാപനങ്ങളിലും സയന്റിസ്റ്റാകാം. ഡയഗ്നോസ്റ്റിക് ലാബുകളിൽ മെഡിക്കൽ ഉപകരണ പരിപാലന വിദഗ്ധരാകാം. സർവകലാശാലകളിലും കോളേജുകളിലും അധ്യാപകജോലിയും ലഭിക്കും.
അപേക്ഷായോഗ്യത
ലൈഫ് സയൻസ്, സുവോളജി, ബോട്ടണി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി, മോളിക്യൂലാർ ബയോളജി, ഇക്കോളജി, ബയോഫിസിക്സ്, ബയോ ഇൻഫർമാറ്റിക്സ്, ജനറ്റിക്സ്, എൻവയൺമെന്റൽ/ ബയോളജിക്കൽ/ ബയോമെഡിക്കൽ/ ഫോറൻസിക്/ ന്യൂറോ/ഫാർമസ്യൂട്ടിക്കൽ/ വെറ്ററിനറി സയൻസസ്, ഇക്കോളജി, ഇമ്യൂണോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഫാർമക്കോളജി, നഴ്സിങ്, പബ്ലിക് ഹെൽത്ത്, സോഷ്യൽ വർക്ക് ഇവയിലേതിലെങ്കിലും ഒന്നിൽ 55 ശതമാനം മാർക്കോടെ എംഎസ്‌സി/എംടെക്/ എംഫാം/ തത്തുല്യ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പട്ടിക/ ഭിന്നശേഷി വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതി. അവസാനവർഷ/ സെമസ്റ്ററിൽ പഠിക്കുന്നവർക്കും അർഹതയുണ്ട്. പ്രായം നവംബർ 21ന് 35 വയസ്സ് കവിയരുത്. പിന്നാക്ക വിഭാഗക്കാർ/വനിതകൾ, പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/അഞ്ച് വയസ്സ് ഇളവുണ്ട്.
പരീക്ഷാഘടന
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബർ ഏഴിന് നടക്കും. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ മൂന്നുമണിക്കൂർ. 150 മാർക്ക്. ആപ്റ്റിറ്റ്യൂഡ് ആൻഡ് അനലിറ്റിക്കൽ സ്കിൽസ് (50 ചോദ്യങ്ങൾ), ജനറൽ ആൻഡ് ഇന്റർ ഡിസിപ്ലിനറി നോളജ് (50), ഡൊമൈൻ നോളജ് (50) എന്നിങ്ങനെ ചോദ്യപേപ്പർ ഘടന. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് നെഗറ്റീവാകും.
മറ്റ് വിവരങ്ങൾ
അപേക്ഷയിലെ തിരുത്തലുകൾ നവംബർ 24നും 26നുമിടയിൽ നടത്താം. അഡ്മിറ്റ് കാർഡുകൾ ഡിസംബർ ഒന്നുമുതൽ ഡൗൺലോഡ് ചെയ്യാം. കേരളത്തിൽ പരീക്ഷാകേന്ദ്രം ലഭിക്കും. എങ്കിലും മൂന്ന് സംസ്ഥാനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ അപേക്ഷയിൽ നൽകണം. അപേക്ഷാഫീസ് 2000 രൂപ. സാമ്പത്തിക പിന്നാക്കം/പട്ടികവിഭാഗം 1600 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസ് ഇല്ല. വിവരങ്ങൾക്ക്: https://aimsexams. ac.in ഹെൽപ്പ്‌ലൈൻ:1800117898.









0 comments