ദമ്പതികളിൽ നിന്ന് തട്ടിയെടുത്തത് 27 ലക്ഷം
യുകെയിൽ ജോലിയും വിസയും വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുംബൈയിൽ ഒരാൾ പിടിയിൽ

മുംബൈ: യുകെയിൽ ജോലിയും വിസയും വാഗ്ദാനം ചെയ്ത് ദമ്പതികളെ കബളിപ്പിച്ച് ഏജൻസി തട്ടിയെടുത്തത് 27 ലക്ഷം. കേസിൽ ഒരു സ്ത്രീയെ മുംബൈയിൽ അറസ്റ്റ് ചെയ്തു. അകാൻക്ഷ രാജേന്ദ്ര തിവാരി എന്നയാളാണ് പിടിയിലായത്. അറസ്റ്റിലൂടെ കൂടുതൽ കേസുകൾ പുറത്തുവരാൻ സാധ്യതയുള്ളതായി മുംബൈ പൊലീസ് അറിയിച്ചു. കേസിൽ മറ്റൊരു പ്രതിയെയും പൊലീസ് തിരയുന്നുണ്ട്.
എൻജിനീയറിംഗ് കൺസൾട്ടന്റായ വികാസ് വിദുർ കുമാർ ഖതിവേദ, ഭാര്യ മോണിക്ക ദഹൽ എന്നിവരാണ് തട്ടിപ്പിനിരയായത്. ലണ്ടനിൽ ജോലി ചെയ്യാൻ ദമ്പതികൾക്ക് താൽപര്യമുണ്ടായിരുന്നു. ഇതിനായി മുംബൈയിൽ ജോലിയും വിസയും വാഗ്ദാനം ചെയ്യുന്ന ഏജൻസികൾക്കായി അന്വേഷണം നടത്തി. സോഷ്യൽ മീഡിയയിലൂടെയാണ് സ്വകാര്യ ഏജൻസിയെക്കുറിച്ച് ദമ്പതികൾ മനസിലാക്കുന്നത്.
യുകെ, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലിയും വിസ സേവനങ്ങളും നൽകുന്നതായി അവകാശപ്പെട്ട് കമ്പനി പോസ്റ്റുകൾ പങ്കുവച്ചിരുന്നു. പോസ്റ്റിൽ നൽകിയിരുന്ന നമ്പറിൽ ദഹൽ ബന്ധപ്പെടുകയും പ്രതി അകാൻക്ഷ തിവാരിയെ പരിചയപ്പെടുകയുമായിരുന്നു. കാണ്ടിവാലിയിലെ രഘുലീല മാളിലെ ഓഫീസിൽ വച്ച് ദമ്പതികൾ പ്രതിയെ നേരിട്ട് കാണുകയും ചെയ്തു.
ഏജൻസിയുടെ ഉടമയായ രോഹിത് സോംഗാരയുടെ നിർദ്ദേശപ്രകാരം 2024 ജൂൺ മുതൽ കഴിഞ്ഞ മെയ് വരെ 27 ലക്ഷം രൂപ ദമ്പതികൾ അടച്ചു. എന്നാൽ ദമ്പതികൾക്ക് വിസ ലഭിച്ചില്ല. പിന്നീട് ഏജൻസിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കമ്പനിയുടെ കാണ്ടിവാലി ഓഫീസ് അടച്ചുപൂട്ടിയതായും അത് മലാഡ് പ്രദേശത്തേക്ക് മാറിയതായും ദമ്പതികൾ കണ്ടെത്തി. എന്നാൽ അന്വേഷണം നടത്തിയെങ്കിലും പ്രതികൾ ഒളിവിൽ പോയിരുന്നു.
തുടർന്ന് ദമ്പതികൾ കാണ്ടിവാലി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അകാൻക്ഷയ്ക്കും രോഹിത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെയാണ് അകാൻഷ പിടിയിലാകുന്നത്. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.









0 comments