യോഗ്യത നേടുന്ന ജനസംഖ്യ കുറഞ്ഞ രാജ്യം
ജനസംഖ്യ 1.56 ലക്ഷം മാത്രം; ചരിത്രം കുറിച്ച് കുറസാവോ ലോകകപ്പിലേക്ക്

വില്ലെംസ്റ്റാഡ് : ഫുട്ബോളിൽ ചരിത്രം കുറിച്ച് കുറസാവോ. ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം എന്ന നേട്ടമാണ് കുറസാവോ സ്വന്തമാക്കിയത്. ജമൈക്കയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിനു പിന്നാലെയാണ് ചരിത്ര നേട്ടം. 1.56 ലക്ഷം മാത്രമാണ് കുറസാവോയിലെ ജനസംഖ്യ.
കരീബിയൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപ് രാഷ്ട്രമാണ് കുറസാവോ. 156,115 ആണ് ജനസംഖ്യ. 444 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വിസ്തൃതി. കോൺകാകാഫ് ടൂർണമെന്റിലെ ഏക തോൽവിയറിയാത്ത രാജ്യമായാണ് കുറസാവോ യോഗ്യത നേടിയത്. ആദ്യമായാണ് കുഞ്ഞൻ രാജ്യം ലോകകപ്പ് കളിക്കുന്നത്. 12 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. പനാമയും ഹെയ്തിയും യോഗ്യത നേടിയിട്ടുണ്ട്.
മൂന്ന് തവണ നെതർലാൻഡ്‌സ് ദേശീയ ടീമിന്റെ തലപ്പത്തുണ്ടായിരുന്ന ഡിക്ക് അഡ്വക്കറ്റാണ് കുറസാവോയുടെ പരിശീലകൻ. ലോകകപ്പിൽ പങ്കെടുക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം എന്ന ഐസ്‌ലൻഡ് കുറിച്ച റെക്കോർഡാണ് കുറസാവോ തകർത്തത്. 2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ യോഗ്യത നേടിയപ്പോൾ 350,000 ആയിരുന്നു ഐസ്‍ലൻഡിലെ ജനസംഖ്യ.
ഗ്രൂപ്പിൽ മിന്നും പ്രകടനവുമായാണ് കുറസാവോ തിളങ്ങിയത്. മുൻ മത്സരത്തിൽ ബർമുഡയെ 7-0 ത്തിനാണ് തകർത്തത്. 2010ലാണ് രാജ്യം ഫിഫ അംഗത്വം നേടുന്നത്. എൽ സാൽവഡോറിനെ 3-0 ന് പരാജയപ്പെടുത്തിയാണ് പനാമ യോഗ്യത ഉറപ്പിച്ചത്. നിക്കരാഗ്വയെ 2-0 ത്തിന് തോൽപ്പിച്ച് നീണ്ട 52 വർഷങ്ങൾക്ക് ശേഷം ഹെയ്തിയും ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കി.









0 comments