കേരളത്തിലെ എസ്ഐആർ; ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി

sir
വെബ് ഡെസ്ക്

Published on Nov 19, 2025, 11:52 AM | 1 min read

ന്യൂഡൽഹി: കേരളത്തിന്റെ എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നീട്ടിവയ്‌ക്കണം എന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്. സിപിഐ എം, മുസ്ലിം ലീ​ഗ്, കോൺ​ഗ്രസ് പാർടികളും വിഷയത്തിൽ ഹർജി നൽകിയിരുന്നു. വെള്ളിയാഴ്ച കേസ് ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് ഗവായ് നിർദേശിച്ചു.


‌തദ്ദേശ തെരഞ്ഞെടുപ്പിനും വോട്ടർപ്പട്ടിക പുതുക്കലിനും ഉദ്യോഗസ്ഥരെ ഒരേസമയം വിന്യസിക്കേണ്ടിവരുന്നത് സർക്കാരിന്റെ ദെെനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും ഭരണസ്‌തംഭനമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ്‌ സർക്കാരിന്റെ ഹർജി. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 21നകം പൂർത്തിയാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. തെരഞ്ഞെടുപ്പ് നടപടികൾക്ക് 1,76,000 ഉദ്യോഗസ്ഥരെയും 68,000 പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. എസ്ഐആറിനായി 25,668 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇത് സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നമെന്നും ഹർജിയിൽ പറയുന്നു.


എസ്ഐആറുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തെ ഹെെക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെയും വാദംകേട്ട ജസ്റ്റിസ് വി ജി അരുൺ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് നിർദേശിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home