വോട്ടർ പട്ടികയിൽനിന്ന് 55,000പേരെ ഒഴിവാക്കേണ്ടിവരും; ബിഎല്‍ഒമാരെ തടഞ്ഞാൽ കർശന നടപടി

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപുന:പരിശോധന (എസ്ഐആർ)യുടെ ഭാഗമായി വിതരണം ചെയ്തവയിൽ 55,000 ഓളം എന്യുമറേഷൻ ഫോമുകൾ തിരികെ ശേഖരിക്കാനാകാത്തവയായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. ഇതിൽ 29,000 ഓളം പേർ മരണപ്പെട്ടവരും, 4500 ഓളം പേരെ കണ്ടെത്താനാകാത്തതും, താമസ സ്ഥലം മാറിപ്പോയർ 20,000 ഓളം പേരുമാണ്. നിലവിലെ ലിസ്റ്റിൽതന്നെ ഇരട്ടിപ്പ് വന്നവർ 2800 ഓളം പേരുമുണ്ട്. ഇവരെ വോട്ടർപട്ടികയിൽനിന്ന് അടിയന്തരമായി ഒഴിവാക്കേണ്ടിവരുമെന്ന് രത്തൻ ഖേൽക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബൂത്തിൽനിന്ന് ഒഴിവാക്കേണ്ടിവരുന്നവരെ സംബന്ധിച്ച് ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) കൃത്യമായ കണക്കുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം അനുസരിച്ച് അംഗീകൃത രാഷ്ട്രീയപാർടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർ ബിഎൽഒമാരുടെ പക്കലുള്ള കണക്ക് പരിശോധിക്കണം. ബിഎൽഒമാരുമായി യോഗംചേർന്ന് ഇത് സംബന്ധിച്ച് ചർച്ചചെയ്യണം. ഒഴിവാക്കേണ്ടിവരുന്നവരുടെ അന്തിമ കണക്ക് ബൂത്ത് ലെവൽ ഏജന്റുമാരുടെ സാന്നിധ്യത്തിൽ പരിശോധിച്ചു ശരിയാണെന്ന് ഉറപ്പുവരുത്തണം. ഇത് മിനിട്സിൽ രേഖപ്പെടുത്തി അയക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ ചില സ്ഥലങ്ങളിൽ ബിഎൽഒമാരുടെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചെന്ന വിവരംലഭിച്ചു. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരെ തടയുന്നവർക്കെതിരെ 10 വർഷം തടവ് ശിക്ഷ ലഭിക്കുന്ന ക്രിമിനൽക്കുറ്റം ചുമത്തും. സോഷ്യൽമീഡിയയിലുടെ വ്യാജപ്രചാരണവും അധിക്ഷേപവും നടത്തിയാലും നടപടിയെടുക്കും. വീടുകളിൽ ബിഎൽഒമാർ എത്തുമ്പോൾ എന്തെങ്കിലും പ്രയാസം നേരിട്ടാൽ പൊലീസ് ആവശ്യമായ സഹായം നൽകാനും ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയെന്നും രത്തൻ ഖേൽക്കർ അറിയിച്ചു.









0 comments