കുവൈത്തിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കി: എഐ കാമറകൾ പ്രവർത്തനം ആരംഭിച്ചു

കുവൈത്ത് സിറ്റി: കുറ്റവാളികളെയും നിയമപരമായ അന്വേഷണം നേരിടുന്നവരെയും അതിവേഗം തിരിച്ചറിയുന്നതിനായി കുവൈത്ത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ രാജ്യവ്യാപക സുരക്ഷാ നിരീക്ഷണ സംവിധാനത്തിലേക്ക് കടക്കുന്നു. രാജ്യത്തെ പ്രധാന സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, മറ്റ് സുപ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എഐ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി പട്രോൾ വാഹനങ്ങളിലും വ്യക്തികളെ തൽക്ഷണം തിരിച്ചറിയാൻ കഴിയുന്ന സ്മാർട്ട് ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നു. ഇവ നേരിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ സംശയാസ്പദരായവരെയോ നിയമപരമായ അന്വേഷണം നേരിടുന്നവരെയോ ഒരുനിമിഷം കൊണ്ടുതന്നെ തിരിച്ചറിയാൻ കഴിയും. തിരിച്ചറിയൽ സംവിധാനത്തിന്റെ അടിസ്ഥാനമായി വിരലടയാളവും ഐറിസ് സ്കാനും ഉൾപ്പെടുന്ന ബയോമെട്രിക് വിവരങ്ങളാണ് ഉപയോഗിക്കുന്നത്.
ഈ സംരംഭം ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ചതാണെന്ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മേധാവിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ മേജർ ഫറ അൽ-മുകൈമി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സ് അവന്യൂസ് മാളിൽ മൂന്ന് ദിവസത്തേക്ക് സംഘടിപ്പിച്ച പ്രദർശനത്തിലാണ് പുതിയ ഉപകരണങ്ങളും പ്രവർത്തനരീതികളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിയത്.









0 comments