സിബിഐ രാഷ്ട്രീയ പോരിനിറങ്ങരുത്: വീണ്ടും സുപ്രീംകോടതിയുടെ താക്കീത്

cbi
വെബ് ഡെസ്ക്

Published on Nov 19, 2025, 01:18 PM | 3 min read

സിബിഐ കഴിവുകെട്ട സംവിധാനമാണെന്നും രാഷ്ട്രീയം കളിക്കരുതെ​ന്നും നിരന്തരം ഓർമപ്പെടുത്തുകയാണ് സുപ്രീംകോടതി. ജാർഖണ്ഡ്‌ നിയമസഭയിൽ ജീവനക്കാരെ അനധികൃതമായി നിയമിച്ചെന്നാരോപിച്ച്‌ സിബിഐ രജിസ്റ്റർചെയ്‌ത കേസിൽ പ്രാഥമികാന്വേഷണം നടത്താനുള്ള അപേക്ഷ തള്ളിയാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ബി ആർ ഗവായ്‌, ജസ്റ്റിസ്‌ വിനോദ്‌ ചന്ദ്രൻ എന്നിവരുടെ ബെഞ്ച്‌ സിബിഐയെ രൂക്ഷമായി വിമർശിച്ചത്.


പശ്ചിമ ബം​ഗാൾ ജാർഖണ്ഡ് ഹിമാചൽ പ്രദേശ്


കേന്ദ്രം തങ്ങളുടെ സ്വാധീനമുപയോ​ഗിച്ച് എതിർ ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാനും ചൊൽപ്പടിക്ക് നിൽക്കാത്തവരെയെല്ലാം അന്വേഷണ ഏജൻസികളെ വച്ച് വിരട്ടാനും കേസിൽ കുടുക്കാനും ശ്രമം നടത്തുകയും ​ഗവർണമാരെ ഉപയോ​ഗിച്ച് സർക്കാരുകളുടെ അധികാരം കവരാനും ശ്രമിച്ചപ്പോഴുമെല്ലാം ശക്തമായി തന്നെ സുപ്രീംകോടതി അതിനെതിരായി നിലപാടെടുത്തിരുന്നു. ഭരണഘടനാ സംവിധാനങ്ങളെയാകെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു കേന്ദ്രത്തിന്റെ കടന്നുകയറ്റം എന്നുള്ളതുകൊണ്ട് തന്നെ പല സമയങ്ങളിലും പരമോന്നത നീതിപീഠം ശക്തമായ താക്കീത് നൽകി.


കേരളത്തിനെതിരായ മുൻ ​ഗവർണറുടെ നടപടികളെയും കോടതി കെട്ടിപ്പൂട്ടിയത് നാം കണ്ടു. അങ്ങനെയിരിക്കെ വീണ്ടുമിതാ സിബിഐ സുപ്രീംകോടതിയാൽ വിമർശിക്കപ്പെട്ടിരിക്കുന്നു. സിബിഐ രാഷ്ട്രീയപ്പോരിന് ഇറങ്ങരുതെന്നാണ് കോടതി ഇപ്പോൾ ആവർത്തിച്ചിരിക്കുന്നത്. 'എന്തിനാണ്‌ സിബിഐ സംവിധാനങ്ങൾ രാഷ്‌ട്രീയപ്പോരിൽ ഉപയോഗിക്കുന്നത്‌. ഇത്‌ പലവട്ടം ഞങ്ങൾ ആവർത്തിച്ചതാണ്‌.’ –ചീഫ്‌ ജസ്റ്റിസ്‌ ബി ആർ ഗവായ്‌ തുറന്നടിച്ചു.


MODI

രാഷ്‌ട്രീയം കളിക്കുന്ന സിബിഐ ആരും വിശ്വസിക്കാത്ത അന്വേഷണ ഏജൻസിയായി മാറിയെന്ന് കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ കേസ് പരിഗണിക്കവെ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് വിമർശിച്ചിരുന്നു. കേന്ദ്ര ഏജൻസിയായ സിബിഐയിൽ കഴിവുകെട്ട ഉദ്യോഗസ്ഥരാണുള്ളതെന്നും അവരെക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യാൻ ജില്ലാ പൊലീസിന്‌ അറിയാമെന്നും വരെ കോടതിയില്‍ നിന്നും പരിഹസമുണ്ടായി. ഹിമാചൽപ്രദേശ്‌ പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥനായിരുന്ന വിമൽ നേഗിയുടെ ആത്മഹത്യ അന്വേഷിക്കുന്ന സിബിഐ സംഘം മുദ്രവെച്ച കവറിൽ നൽകിയ രേഖ പരിഗണിക്കവെയാണ്‌ കോടതി പൊട്ടിത്തെറിച്ചത്‌.


നിങ്ങൾ രാഷ്‌ട്രീയം കളിക്കുകയാണോ. ആരും വിശ്വസിക്കാത്ത ഏജൻസിയായി നിങ്ങൾ മാറി. എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളും തകർന്നു. വളരെ ശോചനീയമായ അവസ്ഥ– ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുള്ള, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ച്‌ രൂക്ഷമായി വിമർശിച്ചു. കേസിൽ സിബിഐ തുറന്നുകാട്ടപ്പെട്ടു എന്നടക്കമാണ് കോടതി അതിരൂക്ഷ ഭാഷയിൽ പറഞ്ഞത്.


കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കോടതിയെ തന്നെ വിമർശിച്ചതിന് സിബിഐ പഴികേട്ടത്. പശ്‌ചിമ ബംഗാളിലെ എല്ലാ കോടതികളും ശത്രുതാപരമായാണ്‌ പെരുമാറുന്നതെന്ന്‌ ആരോപിച്ചപ്പോഴാണ് സുപ്രീംകോടതി സിബിഐയെ കർശനമായി താക്കീത് ചെയ്തത്. ബംഗാളിലെ കോടതികളിൽ വിശ്വാസമില്ലെന്നും അതുകൊണ്ട്‌ ഒരു കേസിന്റെ വിചാരണ പുറത്തേക്ക്‌ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു സിബിഐയുടെ ഹർജി. എന്നാൽ, എല്ലാ കോടതികളെയും അടച്ചാക്ഷേപിച്ചാൽ ഏജൻസിക്ക്‌ എതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്ന്‌ ജസ്‌റ്റിസുമാരായ അഭയ്‌ എസ്‌ ഓഖ, പങ്കജ്‌ മിത്തൽ എന്നിവരുടെ ബെഞ്ച്‌ മുന്നറിയിപ്പ്‌ നൽകി. തുടർന്ന് കടുത്ത നിരീക്ഷണങ്ങൾ ഒഴിവാക്കണമെന്നും ഭാവിയിൽ ഇത്തരം തെറ്റായ നടപടി ഉണ്ടാകില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഉറപ്പുനൽകിയതോടെ സുപ്രീംകോടതി ഹർജി തള്ളുകയുമായിരുന്നു.


തമിഴ്നാട് ഹെെക്കോടതി പറഞ്ഞത്


ആകാശത്തോളം അധികാരമുണ്ടെന്ന് കരുതരുതെന്നായിരുന്നു മദ്രാസ് ഹെെക്കോടതിയുടെ താക്കീത്. സിബിഐയുടെ നിലവിലെ പ്രവർത്തനത്തിൽ ആശങ്ക പ്രകടിപ്പിച്ച മദ്രാസ് ഹൈക്കോടതി സിബിഐയിലുള്ള പൊതുജനവിശ്വാസം നഷ്ടമായെന്നും സിബിഐ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുന്നുണ്ടെന്നും നിരീക്ഷിച്ചു.

MADRAS HIGH COURT
തിരുന്നെൽവേലിയിലെ ബാങ്കിൽ ചീഫ് മാനേജരും മറ്റ് ജീവനക്കാരും ചേർന്ന് രണ്ടു കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് വലിയ പിഴവുകളാണ് ഉണ്ടായിരിക്കുന്നത്. പക്ഷപാതപരമായ അന്വേഷണങ്ങളുടെ പേരിൽ വ്യാപകമായ പൊതുജന വിമർശനം നേരിടുന്ന അവസ്ഥയിലേക്ക് സിബിഐ അധഃപതിച്ചു. ആകാശത്തോളം അധികാരമുണ്ടെന്നാണ് ചില ഉദ്യോഗസ്ഥരുടെ മനോഭാവം. ആർക്കും തങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് പലരും വിചാരിക്കുന്നു. സിബിഐ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞിരുന്നു.


ഫെഡറലിസം

സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് യുപിഎ സർക്കാരിന്റെ കാലത്ത് സുപ്രീംകോടതി വിമർശിച്ചെങ്കിൽ ആ പ്രസ്താവനയെ എല്ലാം അപ്രസക്തമാക്കുന്ന വിധത്തിലാണ് അതിന്റെ പ്രവർത്തനം നിലവിൽ തുടരുന്നത്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയം കളിക്കുന്ന സിബിഐ ആരും വിശ്വസിക്കാത്ത ഏജൻസിയായെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. മറുവശത്ത് ഇഡിയും ഇതുപോലെ അല്ലെങ്കിൽ ഇതിലുമപ്പുറം വിമർശനം സുപ്രീംകോടതിയിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്നു.

PARLIAMENT

തമിഴ്‌നാട്ടിലെ സ്‌റ്റേറ്റ്‌ മാർക്കറ്റിങ്‌ കോർപറേഷന്‌ എതിരായ അന്വേഷണത്തിന്‌ സ്‌റ്റേ നീട്ടിക്കൊണ്ട്‌ സുപ്രീംകോടതി ഇഡിയെ അതിരൂക്ഷമായാണ്‌ വിമർശിച്ചത്‌. ‘ഇ‍ൗ തരത്തിലാണ്‌ ഇഡിയുടെ ഇടപെടലുകളെങ്കിൽ നമ്മുടെ ഫെഡറൽ സംവിധാനത്തിന്‌ എന്ത്‌ സംഭവിക്കും. അന്വേഷണം നടത്താനുള്ള സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക്‌ നിങ്ങൾ കടന്നുകയറുകയല്ലേ’ എന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌ അടങ്ങുന്ന ബെഞ്ച്‌ ചോദിച്ചത്‌. മെയ്‌ 22ന്‌ ഇതേ കേസിൽ, ഇഡി എല്ലാ സീമയും ലംഘിക്കുകയാണെന്നും ഫെഡറൽ സംവിധാനത്തിന്‌ ഒരുവിലയും നൽകുന്നില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ തുറന്നടിച്ചിരുന്നു. അതായത്‌ ഇഡിയുടെ നീക്കങ്ങൾ ഫെഡറൽ സംവിധാനത്തിന്‌ ഭീഷണിതന്നെയെന്ന്‌ പറഞ്ഞുവയ്‌ക്കുകയായിരുന്നു സുപ്രീംകോടതി.

കേന്ദ്രം സംസ്ഥാനങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെ തകർക്കുന്നതിനായി ഉപയോ​ഗിക്കുന്ന രണ്ട് പ്രധാന ആയുധമായി ഇഡിയും സിബിഐയും മാറിയിരിക്കുന്നു. അതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാകുകയാണ് ജാർഖണ്ഡുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി സിബിഐയോട് രാഷ്ട്രീയക്കളി അവസാനിപ്പിക്കാനാവശ്യപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home