ഇത് നമ്മുടെ ആൻമരിയ അല്ലേ? ‘ധുരന്ദർ’ ട്രെയിലർ ലോഞ്ചിൽ തിളങ്ങി സാറ അർജുൻ

മുംബൈ: ‘ആൻമരിയ കലിപ്പിലാണ്’എന്ന ചിത്രത്തിലൂടെ മലയാളി മനസിൽ ഇടം പിടിച്ച സാറ അർജുൻ രൺവീറിന്റെ നായികയായി എത്തുന്നു.‘ധുരന്ദർ’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ എത്തിയ സാറയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ബാലതാരമായി കണ്ട താരത്തെ പെട്ടന്നൊരു നായിക മേക്കോവറിൽ കണ്ട ഞെട്ടലിലാണ് പ്രേക്ഷകർ. നടൻ രാജ് അർജുനാണ് സാറയുടെ അച്ഛൻ. ട്രെയിലർ ലോഞ്ച് ചടങ്ങിൽ ചിത്രത്തിലെ സാറയുടെ പ്രകടനത്തെ വാനോളം പ്രശംസിച്ച് രൺവീർ അടക്കമുള്ളവർ എത്തുകയുണ്ടായി.
2011ൽ പുറത്തിറങ്ങിയ 404 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സാറ സിനിമയിലെത്തുന്നത്. അതേ വർഷം പുറത്തിറങ്ങിയ വിക്രം ചിത്രം ദൈവത്തിരുമകളിലൂടെ സാറ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി. നില കൃഷ്ണ എന്ന കഥാപാത്രത്തെയാണ് സാറ ചിത്രത്തിൽ അവതരിപ്പിച്ചത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും സാറയായിരുന്നു.
ഉറി ദ് സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനായ ആദിത്യ ധർ ആണ് ‘ധുരന്ദർ’ സംവിധാനം ചെയ്യുന്നത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു.









0 comments