ഡൽഹി കലാപഗൂഢാലോചന; കൂട്ടുപ്രതികൾക്ക് ജാമ്യം കിട്ടിയത് കീഴ്‌വഴക്കമായി കാണരുതെന്ന് പൊലീസ്

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർഥികളുടെ ജാമ്യഹർജികളെ ശക്തമായി എതിർത്ത് ഡൽഹി പൊലീസ്. മൂന്നുകൂട്ടുപ്രതികൾക്ക് ജാമ്യം ലഭിച്ചത് തങ്ങൾക്കും ജാമ്യം ലഭിക്കാനുള്ള കീഴ്‌വഴക്കമാക്കി ഷർജിൽ ഇമാം അടക്കമുള്ളവർക്ക് ഉപയോഗിക്കാനാകില്ലന്നും ജസ്‌റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയ എന്നിവരുടെ ബെഞ്ചിൽ പൊലീസ് വാദിച്ചു.
ആമുഖമായി വാദം നടത്തിയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത,പ്രതികൾ നടത്തിയത് ആസൂത്രിത കലാപമാണെന്ന് ആവർത്തിച്ചു. ചാറ്റുകളും ഫോട്ടോകളും പ്രതികൾക്കെതിരെ ഉണ്ടന്നും മേത്ത വാദിച്ചു. പെട്ടെന്നുണ്ടായ കലാപമായിരുന്നില്ല വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്നതെന്നും മേത്ത പറഞ്ഞു.
പ്രധാനവാദം നടത്തിയ അഡീ.സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചവരുമായി നിയമതുല്യത പാടില്ലന്ന് വാദിച്ചത്. നടാഷ നർവാൾ, ദേവാംഗ്ന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് ലഭിച്ച ജാമ്യത്തെ മുനിർത്തിയാണ് പ്രതികളുടെ വാദം. കേസിലെ വിചാരണ പൊലീസല്ല പ്രതികളാണ് വൈകിപ്പിക്കുന്നത്. അതിനാൽ വിചാരണ വൈകുന്നുവെന്ന വാദത്തിലൂടെ ജാമ്യം നേടാൻ അവർക്ക് കഴിയില്ല.
അതിനിടെ നേരത്തെ ജാമ്യം നേടിയ മൂന്നുപേർക്കും സമാനമായ കുറ്റമാണ് ജയിലുള്ളവരും നേരിടുന്നതെങ്കിൽ എങ്ങനെ നിയമതുല്യയെ എതിർക്കാനാകുമെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു. കേസിൽ വ്യാഴാഴ്‌ച പൊലീസ് വാദം തുടരും.









0 comments