സ്ഥാനാർഥി നിർണയം പാളി, യൂത്ത് ലീഗിന് സീറ്റില്ല; പെരുവള്ളൂരിൽ ലീഗ് നേതാക്കളെ തടഞ്ഞുവെച്ചു

MALAPPURAM LEAGUE
വെബ് ഡെസ്ക്

Published on Nov 19, 2025, 11:06 AM | 2 min read

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം പാളിയതോടെ മലപ്പുറം പെരുവള്ളൂരിൽ മുസ്ലിം ലീ​ഗിൽ പൊട്ടിത്തെറി. ചൊവ്വാഴ്ച നടന്ന ലീ​ഗ് കൺവെൻഷനിൽ സ്ഥാനാർഥി നിർണയം ചർച്ചയായതോടെ കയ്യാങ്കളിയിലേക്കെത്തി. തെരഞ്ഞെടുപ്പ് കൺവെൻഷന് എത്തിയ ലീഗ് പ്രസിഡന്റിനെയും സെക്രട്ടറിയേയും യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞുവച്ചു. മൂന്ന് തവണ ജനപ്രതിനിധിയായവരെ വീണ്ടും സ്ഥാനാർഥിയാക്കിയതിലാണ് പ്രതിഷേധം.


തെരഞ്ഞെടുപ്പുകളിൽ മൂന്ന് ടേം വ്യവസ്ഥ നടപ്പിലാക്കണമെന്ന് ലീ​ഗ് നേതൃത്വം നിർദേശം നൽകിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. ചൊവ്വാഴ്ച രാത്രി നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ബ്ലോക്ക് പഞ്ചായത്ത് സീറ്റിലേക്ക് മുസ്‌ലിം യൂത്ത് ലീഗിനെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം. മൂന്ന് ടേം വ്യവസ്ഥ ലംഘിച്ച് വീണ്ടും സീറ്റ് നൽകുന്നു എന്ന് യൂത്ത് ലീഗ് ആരോപിച്ചു.


മൂന്ന് ബ്ലോക്ക് സീറ്റുകളാണ് പെരുവള്ളൂരിലുള്ളത്. പറമ്പിൽ പീടിക, കടപ്പടി, കൊല്ലം ചിന. ഇതിൽ കാടപ്പടി വനിത സംവരണമാണ്. ബാക്കിയുള്ള രണ്ടിൽ ഒന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം തള്ളി മുസ്ലീം ലീഗ് നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു.


മൂന്ന് തവണ ജനപ്രതിനിധിയായ ഇസ്മായിൽ കാവുങ്ങലിനെയാണ് കൊല്ലം ചിനയിൽ സ്ഥാനാർഥിയാക്കിയത്. സി സി അമീർ അലിയെ പറമ്പിൽ പീടികയിലും സ്ഥാനാർഥിയാക്കി. ഇതോടെയാണ് യൂത്ത് ലീഗുകാർ പ്രകോപിതരായി രംഗത്തിറക്കിയത്.


ചൊവ്വാഴ്ച രാത്രി പതിനൊന്നാം വാർഡ് കൺവൻഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പടെയുള്ള മുസ്ലീം ലീഗ് നേതാക്കളുടെ വാഹനങ്ങൾ തടഞ്ഞു. ഇതോടെ കയ്യാങ്കളിയായി. ഏറെ സാഹസപ്പെട്ടാണ് നേതാക്കൾ രക്ഷപ്പെട്ടത്.

പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; ലീഗിൽ രാജിയോട് രാജി


ലീ​ഗിൽ‌ പ്രധാന നേതാക്കളടക്കം രാജിവെയ്ക്കുന്നത് തുടരുകയാണ്. പാണക്കാട്‌ തങ്ങളും കുഞ്ഞാലിക്കുട്ടിയും ഒന്നിച്ച്‌ ഇടപെട്ടിട്ടും പ്രശ്‌നം തീരാത്ത അവസ്ഥയിലാണ് മുസ്ലിംലീഗ്‌. സംസ്ഥാന സെക്രട്ടറിയറ്റംഗം മുതൽ ശാഖാ ഭാരവാഹികൾ വരെയാണ്‌ കഴിഞ്ഞദിവസങ്ങളിൽ ലീഗിൽനിന്ന്‌ രാജിവച്ചത്‌. മലപ്പുറത്തും കോഴിക്കോട്ടുമാണ്‌ പ്രതിഷേധവും രാജിയുമേറെ. കോഴിക്കോട്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം യു പോക്കർ രാജിവച്ചത്‌ നേതാക്കൾക്കടക്കം ഷോക്കായി. നിരവധി നേതാക്കളും പ്രവർത്തകരും പോക്കറിനൊപ്പം ലീഗ്‌ വിട്ടു. ഇവർ ഇനി സിപിഐ എമ്മുമായി സഹകരിച്ച്‌ എൽഡിഎഫ്‌ വിജയത്തിനായി പ്രവർത്തിക്കും.

തിരുവമ്പാടി പഞ്ചായത്തിലെ ‘മുസ്ലിംലീഗ്‌ കൂട്ടായ്‌മ’ ലീഗ്‌ഹ‍ൗസിൽവച്ചാണ്‌ എൽഡിഎഫിനൊപ്പം നിൽക്കാനുള്ള തീരുമാനമെടുത്തത്‌. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ എ അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ഭൂരിഭാഗം പ്രവർത്തകരും നേതൃത്വത്തിനെതിരായി രംഗത്തെത്തി. കോഴിക്കോട്‌ കോർപറേഷൻ ക‍ൗൺസിലർ കെ റംലത്ത്‌, പയ്യോളിയിലെ അഷ്‌റഫ്‌ പി കോട്ടക്കൽ എന്നിവരും രാജിവച്ചു.


മലപ്പുറം തിരൂരങ്ങാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ വീടുള്ള വാർഡിലെ ക‍ൗൺസിലറും നഗരസഭാ വൈസ്‌ ചെയർപേഴ്‌സണുമായ വനിതാലീഗ്‌ നേതാവ്‌ സുലൈഖ കാലൊടി വിമതഭീഷണി ഉയർത്തി. മലപ്പുറത്ത്‌ മണ്ഡലം പ്രവർത്തകസമിതിയംഗം അഷറഫ്‌ പാറച്ചോടനും ഭാര്യയും നഗരസഭാ ക‍ൗൺസിലറുമായ ആമിന പാറച്ചോടനും ലീഗ്‌ വിട്ടു. കോട്ടക്കൽ നഗരസഭയിൽ യൂത്ത്‌ലീഗ്‌ മുനിസിപ്പൽ സെക്രട്ടറി തയ്യിൽ സാദിദും രാജിവച്ചു. കളമശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൾ റഹീമും രാജി പ്രഖ്യാപിച്ചിട്ടുണ്ട്‌. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം, കോൺഗ്രസ്‌ വിധേയത്വം, ആർഎസ്‌എസ്‌–ബിജെപി കൂട്ട്‌ തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ വിയോജിപ്പുള്ള നേതാക്കളും പ്രവർത്തകരും ലീഗിൽ ഏറെയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home