വാ​ഗൺ കൂട്ടക്കൊല: ബ്രിട്ടീഷ്‌ ഭരണത്തിന്റെ കിരാതത്വത്തിന് 104 വയസ്

wagon tragedy
വെബ് ഡെസ്ക്

Published on Nov 19, 2025, 09:14 AM | 1 min read

ബ്രിട്ടീഷ് സാമ്രാജ്യത്ത്വ ഭരണത്തിനെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞ ഇരുണ്ട അധ്യായമായ വാ​ഗൺ കൂട്ടക്കൊലയുടെ ഓർമദിനമാണ് ഇന്ന്. സാമ്രാജ്യത്വത്തിന്റെ മർദനമുറകൾക്കെതിരെ ഉയർന്ന കർഷക പോരാട്ടങ്ങളുടെ തുടർച്ചയാണ്‌ 1921 നവംബർ 19ന്റെ വാഗൺ കൂട്ടക്കൊല. എഴുപതു പേരാണ്‌ അന്ന് കൊല്ലപ്പെട്ടത്‌. ജന്മിത്തത്തിനും ബ്രിട്ടീഷ് വാഴ്ചയ്‌ക്കുമെതിരെ അണിനിരന്നവരും നിരപരാധികളുമായിരുന്നു ജീവവായു കിട്ടാതെ മരണംവരിച്ച ഇവരിൽ ഭൂരിപക്ഷവും.


ഏറനാട്, വള്ളുവനാട്‌ ദേശങ്ങളിലെ ഖിലാഫത്ത്‌ പ്രവർത്തകരെ പട്ടാളം പിടികൂടി. ഇരുനൂറോളം പേരെ കഴുതവണ്ടികളുടെയും കാളവണ്ടികളുടെയും പിറകിൽ കെട്ടിവലിച്ച്‌ മലപ്പുറത്തെത്തിച്ചു. അവിടെനിന്ന്‌ തിരൂരിലേക്ക്‌ മാറ്റി. നൂറുപേരെ തിരൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് മദ്രാസ്‌–മറാത്ത കമ്പനികളുടെ എംഎസ്‌ ആൻഡ്‌ എം റെയിൽവേയുടെ 1711 വാഗണിൽ കുത്തിനിറച്ച്‌ കോയമ്പത്തൂരിലേക്ക്‌ കൊണ്ടുപോയി. പോത്തനൂർ സ്‌റ്റേഷനിലെത്തിയ വാഗൺ തുറന്നപ്പോൾ നിരവധി പേർ മരിച്ചിരുന്നു. മൃതദേഹങ്ങൾ ഇറക്കാൻ സ്‌റ്റേഷൻ മാസ്‌റ്റർ അനുവദിച്ചില്ല. തിരൂരിലേക്ക്‌ തിരിച്ചയച്ചു. രക്ഷപ്പെട്ടവരെ ആന്ധ്രയിലെ ബെല്ലാരി ജയിലിലേക്കയച്ചു.


മൃതദേഹങ്ങള്‍ തിരൂർ കോരങ്ങത്ത്‌ പള്ളി, കോട്ട്‌ ജമാഅത്ത്‌ പള്ളി, ഏഴൂർ എന്നിവിടങ്ങളിൽ മറവുചെയ്‌തു. ചെമ്മലശ്ശേരി, തൃക്കലങ്ങോട്‌, മമ്പാട്‌, മലപ്പുറം, നിലമ്പൂർ, പുന്നപ്പാല, കുരുവമ്പലം, പയ്യനാട്‌, പോരൂർ എന്നിവിടങ്ങളിലുള്ളവരാണ്‌ ക്രൂരതയ്‌ക്കിരയായത്‌. മരിച്ചവരിൽ 35 പേരും കുരുവമ്പലത്തുനിന്നുള്ളവരായിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തിന്റെ കിരാതത്വം വെളിപ്പെട്ട ചരിത്രസംഭവമായാണ് വാ​ഗൺ കൂട്ടക്കുരുതിയെ കണക്കാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home