print edition ഓർമയുണ്ടോ ഈ അത്താണിയെ?

Chumaduthangi

തൊടുപുഴ മുന്‍സിപ്പല്‍ പാര്‍ക്കിലെ ചുമടുതാങ്ങി

avatar
സ്വന്തം ലേഖകൻ

Published on Jan 03, 2025, 10:27 AM | 1 min read

തൊടുപുഴ > ചരക്കുകൾ ദീർഘദൂരം ജനം തലയിൽ ചുമന്ന് എത്തിച്ചിരുന്ന രാജഭരണ കാലം. പാതകൾക്ക് വീതി കുറവ്. ഒപ്പം ആരുമുണ്ടാകണമെന്നില്ല. ജനങ്ങളുടെ ക്ഷീണമകറ്റാൻ തണൽമരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. മാവുകളാണ് പ്രധാനം. ഒപ്പം നടന്ന് തളരുമ്പോൾ ചുമടൊന്നിറക്കി വച്ച് വിശ്രമിക്കാൻ പാതയോരങ്ങളിൽ ചുമടുതാങ്ങികളും സ്ഥാപിച്ചിരുന്നു. ഇവയെ അത്താണികളെന്നും വിളിക്കുന്നു. മൂന്ന് കല്ലുകൾ ചേർന്ന നിർമിതിയാണെങ്കിലും അവ ക്ഷീണിതർക്ക് നൽകിയിരുന്ന ആശ്വാസം ചെറുതല്ല. വീതികുറഞ്ഞ രാജപാതകൾ വികസിച്ച് ദേശീയപാതകളായി. ഗതാഗത സംവിധാനം ലോകനിലവാരത്തിലായി. മാറ്റത്തിനിടെ ചുമടുതാങ്ങികളുടെ സ്ഥാനവും നഷ്ടമായി. കാലപ്രയാണം താണ്ടി പുതുതലമുറയ്ക്ക് കൗതുക കാഴ്ചയായി ചുമടുതാങ്ങികളിലൊന്ന് തൊടുപുഴയിലുമുണ്ട്. മുനിസിപ്പൽ പാർക്കിൽ.


1930-40 കാലഘട്ടത്തിൽ പീടികപറമ്പിൽ കറുപ്പുപ്പിള്ള സ്വന്തം ചെലവിലാണ് ഇത് നിർമിച്ചതെന്നാണ് വിവരം. അദ്ദേഹത്തിന്റെ പേരും ഇതിൽ കൊത്തിയിട്ടുണ്ട്. ക്ഷീണമകറ്റാൻ മോരുംവെള്ളവും ഒപ്പം കരുതിയിരുന്നു. അഞ്ചടിയോളം ഉയരത്തിലാണ് നിർമാണം. രണ്ട് കല്ലുകൾക്ക് മുകളിൽ സമാന്തരമായി മറ്റൊരു കല്ല് വച്ചിരിക്കുന്നു. അന്നത്തെ കാലത്ത് ഉടുമ്പന്നൂർ, പൂമാല, വണ്ണപ്പുറം, പെരിങ്ങാശ്ശേരി ഭാഗത്തുനിന്ന് തലയിൽ ചുമടുമായി നടന്നുവന്നിരുന്നവർക്ക് പരസഹായമില്ലാതെ ചുമടിറക്കി വിശ്രമിക്കാനുള്ള ഉപാധി. 95 വർഷത്തോളം പഴക്കമുള്ള ഈ ചുമടുതാങ്ങി മുമ്പ് ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമായിരുന്നു സ്ഥാപിച്ചിരുന്നത്. പിന്നീട് ഇവിടേക്ക് മാറ്റുകയായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അപരിചിതമാണെങ്കിലും പഴയ പ്രൗഢിയോടെ മുൻസിപ്പൽ പാർക്കിൽ തലയുയർത്തി നിൽക്കുകയാണ് ഈ അത്താണി. പാർക്കിന്റെ പ്രധാന കവാടത്തിലൂടെ പ്രവേശിക്കുമ്പോൾ ഇടത് വശത്തായി പഴമയെ ഓർമിപ്പിക്കുന്ന ചുമട്‌താങ്ങിയെ കാണാം.



deshabhimani section

Related News

View More
0 comments
Sort by

Home