ഷാജി എൻ കരുണിന്റെയും എം കെ സാനുവിന്റെയും ഓർമയിൽ ഐഡിഎസ്എഫ്എഫ്കെ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി അവതരിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഭാഗമായി മൺമറഞ്ഞ പ്രതിഭകളായ ഷാജി എൻ കരുണിനും പ്രൊഫ. എം കെ സാനുവിനും ആദരവ്. സാനു മാഷിന്റെ ജീവിതത്തെ ആസ്പദമാക്കിയുളള സംവിധായകൻ ഷാജി എൻ കരുണിന്റെ 'പ്രാണൻ' എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനത്തിലൂടെയാണ് ഹോമേജ് വിഭാഗത്തിലെ ചിത്രങ്ങൾക്ക് തുടക്കം. സിനിമയുടെ ചരിത്രത്തെ രൂപപ്പെടുത്തിയ ഏഴ് ഇതിഹാസ സംവിധായകർക്ക് ആദരസൂചകമായി, ഈ വർഷത്തെ ഐഡിഎസ്എഫ്എഫ്കെ ഹൊമേജ് വിഭാഗത്തിൽ ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ചലച്ചിത്ര സംവിധായകൻ ആർ ശരത്ത്, പ്രമുഖ ഛായഗ്രാഹകൻ കെ ജി ജയൻ, തിരക്കഥാകൃത്ത് സജീവ് പാഴൂർ, എം കെ സാനുവിന്റെ മകൻ രജ്ഞിത്ത് സാനു എന്നിവർ പങ്കെടുത്തു. കേരള സമൂഹത്തിന് പ്രചോദനവും പ്രത്യാശയുമായി കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരുപിടി മനുഷ്യരുടെ ഓർമകളിലൂടെയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങൾ സഞ്ചരിക്കുന്നത് എന്ന് സി അജോയ് പറഞ്ഞു. സംവിധായകൻ ഷാജി എൻ കരുണും മനുഷ്യ സ്‌നേഹിയായ എഴുത്തുകാരൻ സാനു മാഷുമായുള്ള ഓർമകളും സി അജോയ് പങ്കുവെച്ചു. ജീവിതത്തിന്റെ അവസാന നിമിഷം വരെ മറ്റെല്ലാ പ്രതിസന്ധികളെയും മറികടന്ന് സമൂഹത്തിനുവേണ്ടി പ്രവർത്തിച്ച രണ്ട് മഹത് വ്യക്തിത്വങ്ങളുടെ ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് 'പ്രാണൻ' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക പ്രതിബദ്ധതയുള്ള സൃഷടിയായി ആണ് ഡോക്യുമെന്ററികളെ ഷാജി എൻ കരുൺ സമീപിച്ചതെന്ന് സഹപ്രവർത്തകനും സംവിധായകനുമായ ആർ എസ് ശരത്ത് പറഞ്ഞു. ഡോക്യുമെന്ററി നിർമ്മാണ സമയത്ത് നടന്ന അനുഭവങ്ങളും ഓർമകളും എം കെ സാനുവിന്റെ മകനായ രഞ്ജിത്ത് സാനു പങ്കുവെച്ചു. അച്ഛന്റെ ജീവിതത്തെ ഡോക്യുമെന്ററി ആക്കിയതിനുള്ള കടപ്പാടും അദ്ദേഹം അറിയിച്ചു. 'പ്രാണന്റെ' നിർമാതാവ് കെ വി വാസുദേവൻ, ചിത്രത്തിന്റെ ക്യാമറാമാൻ അജേഷ് വേണുഗോപാൽ, എഡിറ്റർ ശരത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.









0 comments