ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തുമായി പൊലീസ്‌ തെളിവെടുപ്പു തുടങ്ങി

sukant
avatar
സ്വന്തം ലേഖകൻ

Published on Jun 03, 2025, 09:00 PM | 1 min read

തിരുവനന്തപുരം: ഐബി ഉദ്യോ​ഗസ്ഥ ആത്മഹത്യചെയ്ത കേസിൽ റിമാൻഡിലായിരുന്ന സഹപ്രവർത്തകനായിരുന്ന പ്രതി സുകാന്ത്‌ സുരേഷിനെ പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പു തുടങ്ങി. തിരുവനന്തപുരം അഡീഷണൽ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ എൽസ കാതറിൻ ജോർജ്‌ ആണ്‌ പൊലീസിന്റെ അപേക്ഷ അംഗീകരിച്ചത്‌. വ്യാഴാഴ്‌ചവരെ മൂന്നുദിവസത്തേക്കാണ്‌ കസ്‌റ്റഡി.


ചൊവ്വ ഉച്ചയോടെയാണ്‌ കോടതിയിൽനിന്ന്‌ പേട്ട പൊലീസിന്‌ സുകാന്തിനെ കസ്‌റ്റഡിയിൽ കിട്ടിയത്‌. സഹപ്രവർത്തകയെ എത്തിച്ച്‌ പീഡിപ്പിച്ചെന്ന്‌ പറയപ്പെടുന്ന തിരുവനന്തപുരത്തെ ചില ഹോട്ടലുകളിൽ കൊണ്ടുപോയി തെളിവെടുത്തു. ബുധനാഴ്‌ച എറണാകുളത്ത്‌ സുകാന്ത്‌ താമസിച്ച സ്ഥലത്ത്‌ തെളിവെടുക്കും. വ്യാഴം വൈകിട്ട്‌ അഞ്ചോടെ കോടതിക്ക്‌ കൈമാറണമെന്നതിനാൽ കൂടുതൽ തെളിവെടുപ്പിന്‌ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങും. ചെന്നൈയിലും ഐബി പരിശീലനത്തിനിടെ ഉദയപുരിലും പീഡിപ്പിച്ചിരുന്നതായാണ്‌ പൊലീസിന്‌ ലഭിച്ച വിവരം.


കൊച്ചി വിമാനത്താവളത്തിലെ എമി​ഗ്രേഷൻ വിഭാ​ഗം ഉദ്യോഗസ്ഥനായിരുന്ന മലപ്പുറം എടപ്പാൾ സ്വദേശി സുകാന്തിനെതിരെ ബലാത്സം​ഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്‌. കോടതിയിൽ പൊലീസിനുവേണ്ടി അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ വി പി പ്രവീണകുമാർ ഹാജരായി.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച്‌ 24നാണ്‌ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് ഇവർ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. യുവതിയെ സുകാന്ത്സാ മ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home