ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വീട്ടിൽ റെയ്ഡ്, പാസ്ബുക്കുകൾ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സുകാന്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. മലപ്പുറം എടപ്പാളിലുള്ള വീട്ടിലാണ് പേട്ട പൊലീസും ചങ്ങരംകുളം പൊലീസും പരിശോധന നടത്തിയത്. പൂട്ടികിടന്ന വീട്ടിൽ നിന്ന് ഹാർഡ് ഡിസ്കുകളും പാസ് ബുക്കുകളും കണ്ടെത്തി. സുകാന്തിന്റെ മുറിയുടെ പൂട്ടു തകർത്തു നടത്തിയ പരിശോധനയിൽ ഒരു ഹാർഡ് ഡിസ്കും രണ്ടു പാസ്ബുക്കുകളുമാണ് കണ്ടെത്തിയത്. മറ്റ് രേഖകളും പരിശോധിച്ചതായി വിവരമുണ്ട്. കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനായ സുകാന്തിനെതിരെ ബലാത്സംഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുകാന്ത്. യുവതിയുടെ ആത്മഹത്യയ്ക്ക് ശേഷം ഇയാൾ ഒളിവിലാണ്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച് 24നാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുണെ- കന്യാകുമാരി എക്‌സ്‌പ്രസ് ട്രെയിൻ തട്ടിയായിരുന്നു മരണം. ഒരു വർഷം മുമ്പാണ് ഇവർ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന് വിമാനത്താവളത്തിൽനിന്നു മടങ്ങിയതായിരുന്നു.
യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവർത്തകൻ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമായി നിർമിച്ച് സുകാന്ത് യുവതിയെ ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തിയത്.
ഗർഭഛിദ്രം നടത്തിയതിനു ശേഷമാണ് സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. പെൺകുട്ടിയുടെ അമ്മയോടാണ് വിവാഹത്തിന് താൽപര്യമില്ലെന്നു പറഞ്ഞ് സന്ദേശമയച്ചത്. ഇതിന് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ അക്കൗണ്ടിൽ നിന്ന് പലതവണയായി പണം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നുലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ മാറ്റിയത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് സുകാന്തിനെതിരെ കേസടുത്തത്. സുകാന്തിനെ സർവീസിൽ നിന്ന് പുറത്താക്കുന്നതിനുള്ള നടപടികൾ ഐബിയും ആരംഭിച്ചിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.









0 comments