'നീ എന്ന് ആത്മഹത്യ ചെയ്യും'; സുകാന്തിന്റെ ടെലഗ്രാം ചാറ്റുകൾ പൊലീസിന്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരായ കുരുക്ക് മുറുകുന്നു. സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തിന്റെ ടെലഗ്രാം ചാറ്റുകൾ പൊലീസിന് ലഭിച്ചു. ഐബി ഉദ്യോഗസ്ഥയോട് എന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സുകാന്ത് ടെലഗ്രാം ചാറ്റിൽ ചോദിച്ചിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി.
നീ എന്ന് ചാകുമെന്ന് സുകാന്ത് ആവർത്തിച്ച് ചോദിക്കുന്നതും ആഗസ്ത് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി പറയുന്നതും ചാറ്റിൽ വ്യക്തമാണ്. സുകാന്തിന്റെ അമ്മാവന്റെ വീട്ടിൽനിന്നാണ് പ്രതിയുടെ ഐ ഫോൺ പൊലീസ് പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടെലഗ്രാം ചാറ്റിന്റെ വിവരങ്ങൾ ലഭിച്ചത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് സുകാന്തിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതിന് ശക്തി പകരുന്ന ചാറ്റുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച് 24നാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുണെ- കന്യാകുമാരി എക്‌സ്‌പ്രസ് ട്രെയിൻ തട്ടിയായിരുന്നു മരണം. ഒരു വർഷം മുമ്പാണ് ഇവർ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന് വിമാനത്താവളത്തിൽനിന്നു മടങ്ങിയതായിരുന്നു.
യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവർത്തകൻ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമായി നിർമിച്ച് സുകാന്ത് യുവതിയെ ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ച രേഖകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തിയത്.
ഗർഭഛിദ്രം നടത്തിയതിനു ശേഷമാണ് സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. പെൺകുട്ടിയുടെ അമ്മയോടാണ് വിവാഹത്തിന് താൽപര്യമില്ലെന്നു പറഞ്ഞ് സന്ദേശമയച്ചത്. ഇതിന് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ അക്കൗണ്ടിൽ നിന്ന് പലതവണയായി പണം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നുലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ മാറ്റിയത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് സുകാന്തിനെതിരെ കേസടുത്തത്.
തുടർന്ന് കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന സുകാന്ത് സുരേഷിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
മരണത്തിൽ സുഹൃത്ത് സുകാന്തിന് പങ്കുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രൊബേഷൻ പിരീഡിലായിരുന്ന സുകാന്തിനെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.









0 comments