print edition ഐ എം വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സ് ഇനി നാടിന് സ്വന്തം

തൃശൂർ ലാലൂരിൽ ഐ എം വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് ഉദ്‌ഘാടനം നിർവഹിക്കാൻ എത്തിയ മന്ത്രി വി അബ്‌ദുറഹിമാൻ ഇട്ടുകൊടുത്ത പന്ത് ഹെഡ് ചെയ്യുന്ന ഐ എം വിജയൻ ഫോട്ടോ -\ എം എ ശിവപ്രസാദ്
തൃശൂർ
മാലിന്യമലയായിരുന്ന ലാലൂര്‍ ഇനി കായികകേരളത്തിന്റെ ഭാവി തലമുറയെ വാർത്തെടുക്കുന്ന സമുച്ചയം. ഒരുകാലത്ത് മാലിന്യത്തിന് കുപ്രസിദ്ധിയാർജിച്ച സ്ഥലനാമം എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി നാടിന്റെ കായിക ഈറ്റില്ലമായി മാറുകയാണ്. 13 ഏക്കറിൽ ഇനി ഐ എം വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്‌സ് തലയുയർത്തി നിൽക്കും. 70 കോടി ചെലവിലാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. അടുത്തഘട്ടത്തിൽ 30 കോടി കൂടി ചെലവഴിക്കും.
സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം മന്ത്രി വി അബ്ദു റഹിമാൻ നിർവഹിച്ചു. മേയർ എം കെ വർഗീസ് അധ്യക്ഷനായി. അക്വാട്ടിക്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം മന്ത്രി കെ രാജനും പവലിയൻ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദുവും നിർവഹിച്ചു. ടെന്നീസ് കോർട്ട് എ സി മൊയ്തീൻ എംഎൽഎയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പി ബാലചന്ദ്രൻ എംഎൽഎയും ഉദ്ഘാടനം ചെയ്‌തു. ഐ എം വിജയനേയും സംസ്ഥാന ചലചിത്ര പുരസ്‌കാര ജേതാവ് വേടനയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ കായിക പ്രതിഭകളെയും ലാലൂർ സമരഭടന്മാരേയും ആദരിച്ചു. ഘോഷയാത്രയും കലാപരിപാടികളും നടന്നു.
ജീവിച്ചിരിക്കുന്പോൾ സ്വന്തംപേരിൽ കായിക സമുച്ചയം
സർക്കാരിന് ബിഗ് സല്യൂട്ട്: ഐ എം വിജയൻ
ജീവിച്ചിരിക്കുന്പോൾ സ്വന്തം പേരിൽ കായിക സമുച്ചയം ഉയർന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഫുട്‌ബോൾ താരം ഐ എം വിജയൻ പറഞ്ഞു. ഇന്ത്യയിൽ എവിടെയും ഇത്തരം മാതൃക കണ്ടിട്ടില്ല. സംസ്ഥാന സർക്കാരിന് ബിഗ് സല്യൂട്ട് നൽകുന്നു. ലാലൂർ കായിക സമുച്ചയം ഉദ്‌ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിരവധി മികച്ച കായിക താരങ്ങളുണ്ട്. എന്നാൽ എവിടേയും ജീവിച്ചിരിക്കുന്ന താരത്തിന്റെ പേരിൽ സമുച്ചയം ഉയർന്നതായി കണ്ടിട്ടില്ല.
കേരളത്തിൽ എല്ലാ ജില്ലകളിലും കായിക താരങ്ങളുടെ പേരിൽ കളിക്കളങ്ങളും സ്‌റ്റേഡിയങ്ങളും ഉയരുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകുന്നത്. ഇത് താരങ്ങളുടെ ജീവിതം സുരക്ഷിതമാക്കും. ഇത്തരത്തിൽ കായിക മേഖലയ്‌ക്ക് സംസ്ഥാന സർക്കാർ വലിപിന്തുണയാണ് നൽകുന്നതെന്നും ഐ എം വിജയൻ പറഞ്ഞു.









0 comments