ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട മയക്കുമരുന്ന് കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
ഹൈബ്രിഡ് കഞ്ചാവ് കേസ് ; ബിഗ് ബോസ് താരത്തിനും മോഡലിനും സിനിമാ പ്രവർത്തകനും നോട്ടീസ്

ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ആരോപിതരായ നടന്മാർക്ക് പുറമേ ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയത് മുൻ ബിഗ് ബോസ് താരത്തിനും സിനിമ പ്രവർത്തകനും കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോഡലിനും. മോഡലിന് നടന്മാരുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് എക്‌സൈസ് സംശയിക്കുന്നത്. നടന്മാരായ ഷൈൻ ടോം ചാക്കോയോടും ശ്രീനാഥ് ഭാസിയോടും തിങ്കളാഴ്‌ച ഹാജരാകാനാണ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നത്. അന്നുതന്നെ ഇവരോടും ആലപ്പുഴയിലെ എക്‌സൈസ് സർക്കിൾ ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചു. നടന്മാർക്കൊപ്പം ഇവരെ ചോദ്യംചെയ്യും. കഴിഞ്ഞ ബിഗ് ബോസ് സീസണിൽ അവസാന നാലിൽ ഇടംനേടിയ യുവാവാണ് മറ്റൊരാൾ. ഒരാൾ സിനിമ നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പുരുഷനാണ്. ഇവർ രണ്ടുപേരും ചൊവ്വാഴ്‌ച ഹാജരാകണം. ഇവർ മൂന്നുപേർക്കും തസ്‌ലിമയുമായി സാമ്പത്തിക ഇടപാടുകളുള്ളതായാണ് എക്‌സൈസ് കണ്ടെത്തൽ. കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിവില്ലാത്തതിനാൽ ഇവരുടെ പേരുകൾ അന്വേഷകസംഘം പുറത്തുവിട്ടിട്ടില്ല.
നടന്മാരിൽ ശ്രീനാഥ് ഭാസിയുമായിട്ടായിരുന്നു ഫോണിലൂടെ കൂടുതൽ ആശയവിനിമയം.
മലേഷ്യയിൽനിന്ന് ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവ് തിരുച്ചിറപ്പള്ളി എയർപോർട്ടുവഴി ഇന്ത്യയിലെത്തിച്ചത് നാല് മാസം മുമ്പാണെന്ന് എക്‌സൈസ് സ്ഥിരീകരിച്ചു. ഹൈബ്രിഡ് കഞ്ചാവ് ആദ്യമായാണ് സുൽത്താനും ഭാര്യ തസ്ലിമ സുൽത്താന (-ക്രിസ്റ്റീന-–41)യും വിൽപ്പനയ്‌ക്ക് എത്തിക്കുന്നത് എന്നാണ് എക്‌സൈസ് കണ്ടെത്തൽ.
മാർച്ച് അവസാനം കൊച്ചിയിൽ വിൽപ്പനക്കാരനെ കണ്ടെത്തി കുടുംബവുമായി എത്തി. എന്നാൽ വിൽപ്പന നടന്നില്ല. കൊച്ചിയിൽ വാങ്ങാൻ തയ്യാറായ ആളുടെ വിവരങ്ങളും അന്വേഷക സംഘം ശേഖരിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊച്ചിയിൽ തങ്ങി ഇടപാടുകൾക്ക് ശ്രമിച്ചെങ്കിലും വില വീണ്ടും തടസമായി. ഇതിനിടെ പൊലീസ് പരിശോധന ഭയന്ന്, താമസിച്ച ഹോട്ടലിൽനിന്ന് കഞ്ചാവ് സുഹൃത്ത് അറിയാതെ അവരുടെ പത്തടിപ്പാലത്തെ ഫ്ലാറ്റിൽ ഒളിപ്പിച്ചു. അടുത്ത ദിവസം ഇതെടുത്ത് ആലപ്പുഴയിലേക്ക് തിരിച്ചു.
പ്രതികളെ നാലുദിവസമായി ചോദ്യംചെയ്‌തിരുന്നു. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കി.
ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട മയക്കുമരുന്ന് കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ മയക്കുമരുന്ന് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. എറണാകുളം എസിപി പി രാജ്കുമാർ, സെൻട്രൽ എസിപി സി ജയകുമാർ, നാർകോട്ടിക് സെൽ എസിപി കെ എ അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷകസംഘം രൂപീകരിച്ചത്. ഡാൻസാഫ്, സൈബർ അംഗങ്ങളും സംഘത്തിലുണ്ട്. ഷൈനുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനാണ് പ്രത്യേക അന്വേഷകസംഘം വിപുലീകരിച്ചതെന്നാണ് പൊലീസ് വിശദീകരണം.
ഷൈനിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിലെ ലഹരി ഇടപാട് സംബന്ധിച്ച ചാറ്റുകൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങൾ സൈബർ വിഭാഗം പരിശോധിക്കും. രാസലഹരി പരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കി ഇതിന്റെകൂടി അടിസ്ഥാനത്തിൽ തുടർ അന്വേഷണങ്ങൾക്കാണ് നീക്കം. ഷൈനിനെ ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടെന്ന നിലപാടിലാണ് പൊലീസ്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നമുറയ്ക്ക് ചോദ്യംചെയ്യാനാണ് തീരുമാനം.
ലഹരിമരുന്ന് ഉപയോഗിച്ചതിനും ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് ഷൈൻ ടോം ചാക്കോയ്‌ക്കെതിരെയുള്ള കേസ്. ലഹരി ഉപയോഗിക്കാറുണ്ടെന്ന ഷൈനിന്റെ മൊഴിയുടെ പശ്ചാത്തലത്തിൽ ഈ വകുപ്പ് നിലനിൽക്കുമെന്നാണ് അന്വേഷകസംഘത്തിന്റെ വിലയിരുത്തൽ. കൂടുതൽപേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലുമാണ്. സംശയാസ്പദമായി ബാങ്ക് ഇടപാട് നടത്തിയവരോടടക്കം വിവരങ്ങൾ തേടും.









0 comments