ഹൈബ്രിഡ് കഞ്ചാവ് കേസ് ; ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഇന്ന് ഹാജരാകും

ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും തിങ്കളാഴ്‌ച എക്‌സ്‌സൈസ് അന്വേഷകസംഘത്തിന് മുന്നിൽ ഹാജരാകും. ആലപ്പുഴയിലെ എക്‌സൈസ് സർക്കിൾ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഷൈനും ശ്രീനാഥുമായി ബന്ധമുണ്ടെന്നും ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രതി തസ്‌ലിമ വെളിപ്പെടുത്തിയിരുന്നു. നടന്മാരുമായുള്ള വാട്‌സാപ് ചാറ്റും കണ്ടെത്തി. ഭൂരിഭാഗം ചാറ്റുകളും നശിപ്പിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യംചെയ്യുന്നത്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലക്കാട് സ്വദേശിയായ മോഡൽ കെ സൗമ്യയും തിങ്കളാഴ്‌ച എക്സൈസിന് മുന്നിലെത്തും. നടന്മാരുമായി ബന്ധമുള്ള ഇവർക്ക് തസ്‌ലിമയുമായി ആശയവിനിമയവും സാമ്പത്തിക ഇടപാടുകളുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവർ ഇടനിലക്കാരിയായോ എന്നാണ് സംശയം. എക്സൈസ് സംഘം പ്രത്യേക ചോദ്യാവലി തയ്യാറാക്കി. ബിഗ്‌ബോസ് സീസൺ ആറ് വിജയി ജിന്റോ ബോഡിക്രാഫ്റ്റ്, സിനിമാ പ്രവർത്തകൻ ജോഷി എന്നിവർക്ക് ചൊവ്വാഴ്‌ച ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുവർക്കും തസ്‌ലിമയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.









0 comments