അവയവദാനത്തിന്റെ പേരിൽ മനുഷ്യക്കടത്ത്; മുഖ്യപ്രതി മധു അറസ്റ്റിൽ

കൊച്ചി: അനധികൃത അവയവദാനത്തിനായി ഇറാനിലേക്ക് ആളുകളെ കടത്തിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിലായതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എറണാകുളം സ്വദേശി മധു ജയകുമാറാണ് പിടിയിലായത്. നവംബർ 8നാണ് ഇയാൾ ഇറാനിൽ നിന്ന് കേരളത്തിൽ എത്തിയത്.
ദേശീയ ഏജൻസിയുടെ ഹർജിയെത്തുടർന്ന് നവംബർ 12 ന് മധുവിനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. നവംബർ 19 വരെ മധുവിനെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു. നിലവിൽ കൊച്ചിയിലെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
2024 മെയ് 18 ന് അവയവക്കടത്ത് ശൃംഖലയിൽ പങ്കുണ്ടെന്ന് സംശയിച്ച് ഒരു യുവാവിനെ കൊച്ചി വിമാനത്താവളത്തിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് കേസിന് തുടക്കമായത്. അന്വേഷണം ആദ്യം കൈകാര്യം ചെയ്തിരുന്നത് എറണാകുളം റൂറൽ പൊലീസാണ്. തുടർന്ന് എൻഐഎ ഏറ്റെടുത്തു.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വ്യക്തികളെ ലക്ഷ്യം വച്ചാണ് പ്രതികൾ മനുഷ്യക്കടത്ത് നടത്തിയത്. നിയമപരമായ അവയവദാനത്തിന്റെ മറവിൽ ഇറാനിലേക്ക് ആളുകളെ കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇറാനിയൻ ആശുപത്രികളിൽ അവയവങ്ങൾ സ്വീകരിക്കുന്നവരെ കണ്ടെതതുകയും നടപടിക്രമങ്ങൾ നിയമാനുസൃതമാണെന്ന് തെറ്റിദ്ധരിപ്പിച്ച് അവർക്ക് ചികിത്സ സൗകര്യമൊരുക്കുകയും ചെയ്തു. കഴിഞ്ഞ വർഷം, മധു, സാബിത്ത്, സജിത് ശ്യാം, ബെല്ലംകൊണ്ട റാം പ്രസാദ് എന്നിവർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.
2025 ഫെബ്രുവരിയിൽ ഇറാനിൽ താമസിച്ചിരുന്ന മധുവിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇറാനിലെ അവയവക്കടത്ത് പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും അവിടത്തെ ആശുപത്രികളുമായി ഏകോപിപ്പിക്കുകയും ചെയ്തിരുന്നത് മധുവായിരുന്നുവെന്നും അതിനാൽ അറസ്റ്റ് നിർണായകമാണെന്നും എൻഐഎ കൂട്ടിച്ചേർത്തു.









0 comments