മനുഷ്യ– വന്യജീവി സംഘര്‍ഷം ലഘൂകരണം: ‘നവകിരണ’ത്തിൽ ജീവിതം പ്രകാശിച്ച് 1000 കുടുംബം


എം സനോജ്
Published on Jul 06, 2025, 11:18 AM | 1 min read
നിലമ്പൂർ: വനത്തിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നവകിരണം പദ്ധതിയിൽ സംസ്ഥാനത്ത് ജൂലൈ മൂന്നുവരെ പങ്കാളിയായത് 1018 കുടുംബം. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നത്തിന്റെ ഭാഗമായി വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ 796 കുടുംബത്തെ പൂർണമായും 222 കുടുംബത്തെ ഭാഗികമായും പുനരധിവസിപ്പിച്ചു. വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതാണ് നവകിരണം പദ്ധതി.
നവകിരണം പദ്ധതിയുടെ സഹായത്താല്‍ പുതിയ വീട്ടിലേക്ക് മാറിയ നിലമ്പൂര്‍ ചാലിയാർ പഞ്ചായത്തിലെ നാരായണനും കുടുംബവും
കിഫ്ബി, ആർകെഡിപി (റീബിൽഡ് കേരള ഡെവലപ്മെന്റ്) പദ്ധതിയിലൂടെ 136.05 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. 796 കുടുംബത്തിന് (യൂണിറ്റ് ഒന്നിന് 15 ലക്ഷം രൂപ) പൂർണമായും 222 കുടുംബത്തിന് ആദ്യഗഡുവായി 7.5 ലക്ഷം രൂപവീതവും വിതരണംചെയ്‌തു. കൂടുതൽ കുടുംബം പങ്കാളിയായത് വയനാട് ജില്ലയിലാണ്. 318 കുടുംബം വയനാട്ടിൽ പദ്ധതിയുടെ ഭാഗമായി. ഇതിൽ 255 കുടുംബത്തിന് പൂർണമായ തുകയും 63 കുടുംബത്തിന് ഒന്നാം ഗഡുവും നൽകി.
നവകിരണം പദ്ധതിയിൽ പങ്കാളികളായ കുടുംബങ്ങളുടെ എണ്ണം ജില്ലതിരിച്ച്
ജില്ല | കുടുംബങ്ങളുടെ എണ്ണം |
തിരുവനന്തപുരം | 76 |
കൊല്ലം | 247 |
പത്തനംത്തിട്ട | 27 |
എറണാകുളം | 32 |
ഇടുക്കി | 73 |
തൃശൂർ | 11 |
മലപ്പുറം | 118 |
കോഴിക്കോട് | 27 |
വയനാട് | 318 |
കാസർകോട് | 46 |
കണ്ണൂർ | 43 |
ആകെ | 1018 |
പദ്ധതി നടപ്പാക്കുന്നയിടങ്ങളിൽ സ്ഥിരതാമസമുള്ളവർ, സ്ഥിരതാമസമില്ലാത്തവർ എന്നിങ്ങനെയാണ് ഗുണഭോക്താക്കളെ വേർതിരിക്കുന്നത്. അർഹരായ അപേക്ഷകർക്ക് ആദ്യഗഡു ലഭിച്ചാൽ ഉടമ്പടി പ്രകാരം ഒരുമാസത്തിനുള്ളിൽ പുതിയ താമസസ്ഥലത്തേക്ക് മാറണം. ശേഷം സ്ഥലം വനംവകുപ്പ് ഏറ്റെടുക്കും. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതോടെ തുകയും നൽകും.
നവകിരണം പദ്ധതിയുടെ ഭാഗമായവർക്ക് പുതിയ താമസസ്ഥലത്ത് തൊഴിൽ നേടുന്നതിന് ഒറ്റത്തവണ ഉപജീവനസഹായ പരിശീലനം, നൈപുണ്യ നവീകരണ പരിശീലനം എന്നിവയും നൽകുന്നുണ്ട്.
0 comments