എടക്കര ടൗണിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വൻ ആനകൊമ്പ് വേട്ട

എടക്കര: എടക്കര ടൗണിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വൻ ആനകൊമ്പ് വേട്ട. എട്ട് പേർ അറസ്റ്റിൽ. വിവിധ ജില്ലകളിൽ നിന്നായി എട്ട് പേരാണ് അറസ്റ്റിലായത്. എടക്കര ടൗണിലെ കട ഉടമ മൂത്തേടം കാരപ്പുറം അടുക്കത്ത് കബീർ (52), മകൻ അടുക്കത്ത് റിസ്‌വാൻ (23), തൃശ്ശൂർ കൊടുങ്ങല്ലൂർ കൂളിക്കൂട്ടം പുന്നക്കൽ തറയിൽ അരുൺ (37), തൃശ്ശൂർ കൊടകര കളത്തിലേകത്ത് ഗോകുൽ ( 32), മേലാറ്റൂർ പാതിരികോട് പിലായിതൊടി ഫദ്ലു റഹ്മാൻ (35), എടക്കര പാലേമാട് കരിമ്പന നൗഷാദ് (35), എടക്കര മില്ലുംപടി കിഴക്കേതിൽ അബ്ദുൾ സലാം (56), എടക്കര പാലേമാട് ഉള്ളാട്ടിൽ മനോജ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചെന്നൈ, കൊച്ചി ഡിആർഐടിം, കോഴിക്കോട് ഡിആർഐ, ചെന്നൈ കസ്റ്റംസ് ടീം സംയുക്തമായി നടത്തിയ റെയ്ഡിലാണ് 35 കിലോ തൂക്കമുള്ള രണ്ട് ആനകൊമ്പുകൾ പിടികൂടിയത്. ഒരോ ആനകൊമ്പിനും പതിനേഴ് കിലോ ഭാരവും അഞ്ചടി ഉയരവുമുണ്ട്. എടക്കര ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലൈറ്റ് പാലസ് സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് രണ്ട് ആനകൊമ്പുകൾ പിടിച്ചെടുത്തത്.
നിലമ്പൂർ സൗത്ത് ഡിവിഷനിലെ മഞ്ചീരി ഉൾക്കാട്ടിൽ നിന്നാണ് ബേബി എന്ന ആദിവാസിയിൽ നിന്നും ആനകൊമ്പുകൾ വാങ്ങിയത്. തൃശ്ശൂർ കേന്ദ്രീകരിച്ച് നടന്ന വിൽപന സംഘത്തിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളും തൊണ്ടിയും വലയിലായത്. എടക്കര ടൗണിലെ ഇലക്‌ട്രിക് ബൾബുകളും ട്യൂബുകളും വിൽക്കുന്ന കടയിൽ നിന്നാണ് ആനകൊമ്പുകൾ പിടിച്ചെടുത്തത്.
ബുധനാഴ്ച രാവിലെ പത്തരക്ക് എടക്കര കടയിൽ ആരംഭിച്ച റെയ്ഡ് രാത്രിയാണ് അവസാനിച്ചത്. പ്രതികളുമായി ആറ് പ്രൈവറ്റ് ഇന്നോവ കാറിലാണ് ഡിആർഐ സംഘം എത്തി ആനകൊമ്പ് പിടികൂടിയത്. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ കാർത്തിക്, എസിഎഫ് അനീഷ സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു.









0 comments