ട്രാന്‍സ്ജെന്‍ഡര്‍മാർക്ക്‌ വീടൊരുക്കാന്‍ സര്‍ക്കാര്‍ ; ലക്ഷ്യം സുരക്ഷിത അന്തരീക്ഷം

Housing Project for transgenders
വെബ് ഡെസ്ക്

Published on Aug 06, 2025, 12:02 AM | 1 min read


തിരുവനന്തപുരം

ട്രാൻസ്ജെൻഡർമാർക്ക്‌ ഭവനപദ്ധതിയുമായി സംസ്ഥാന സർക്കാർ. സാമൂഹ്യനീതി വകുപ്പാണ് പദ്ധതി ആവിഷ്കരിക്കുന്നത്. സ്വന്തമായി ഭൂമിയുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വീടുനിർമിക്കാനും ഭൂരഹിതർക്ക്‌ ഭൂമി വാങ്ങാനും ധനസഹായം നൽകും. ആദ്യഘട്ടമായി 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.


വിവിധ സർക്കാർ–ഇതര ഏജൻസികൾവഴി ഭവനനിർമാണത്തിന് സഹായം ലഭിച്ച ട്രാൻസ്‌ജെൻഡർമാർക്ക്‌ നിർമാണം പൂർത്തീകരിക്കാനുള്ള ഗ്യാപ് ഫണ്ട്‌ നൽകാനും പദ്ധതിയുണ്ട്. ലൈഫ് പദ്ധതിപ്രകാരം വീട് അനുവദിച്ചിട്ടുള്ളവർക്ക് അധിക ധനസഹായമായി രണ്ടുലക്ഷം രൂപ അനുവദിക്കും. തുടക്കത്തിൽ അഞ്ചുപേർക്കാണ് സഹായം നൽകുക.


സ്വന്തമായി ഭൂമിയുള്ള, ഭവനപദ്ധതികളിൽ പേര് വരാത്ത ട്രാൻസ്ജെൻഡർമാർക്ക്‌ ആറുലക്ഷം രൂപവീതം നൽകും. ഭൂമി വാങ്ങാനും ഭവന നിർമാണത്തിനുമായി പരമാവധി 15 ലക്ഷം രൂപയാണ്‌ വായ്പ. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ മാനദണ്ഡങ്ങളുണ്ടെന്ന് സാമൂഹ്യനീതി സെക്രട്ടറി ഡോ. അദീല അബ്ദുള്ള അറിയിച്ചു. അപേക്ഷകൾ സ്വീകരിച്ച്, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ സാമൂഹ്യനീതി ഡയറക്ടറേറ്റ്‌ ഡയറക്ടർ ചെയർമാനായി സാങ്കേതിക സമിതി രൂപീകരിക്കും.


ലക്ഷ്യം സുരക്ഷിത അന്തരീക്ഷം

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സുരക്ഷിത താമസ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കി മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യനീതി വകുപ്പ്. സ്വത്വം വെളിപ്പെടുത്തിയതിനുശേഷം വീട് നഷ്ടപ്പെടുന്നവർക്ക് സ്വന്തമായി വീടൊരുക്കാൻ സഹായിക്കുമെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home