വീട്ടമ്മ പുഴയിൽ ചാടി മരിച്ചു; റിട്ട. പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള കത്ത് കണ്ടെത്തി

asha benny
വെബ് ഡെസ്ക്

Published on Aug 19, 2025, 10:37 PM | 1 min read

കോട്ടുവള്ളി: സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി മരിച്ചു. കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്ക് സമീപം പുളിക്കത്തറ വീട്ടില്‍ ആശ (46)യാണ് കോട്ടുവള്ളി പുഴയില്‍ ചാടി മരിച്ചത്. ചൊവ്വ മൂന്നു മണിയോടെയാണ് ഇവരെ പുഴയില്‍ പള്ളിക്കടവ് ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.


കോട്ടുവള്ളി സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോസ്ഥനിൽ നിന്ന് 2022ൽ ഇവർ 10 ലക്ഷം രൂപ പലിശക്ക് വായ്പ വാങ്ങിയിരുന്നു. ഇതിൽ കുറേ തുക ഇവർ തിരിച്ചു നൽകിയതായും പറയുന്നു. എന്നാൽ പണം തിരികെ ആവശ്യപ്പെട്ട് ആശയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടര്‍ന്ന് ഇരുകൂട്ടരെയും വിളിച്ചു വരുത്തി പറവൂർ പൊലീസ് ചര്‍ച്ച നടത്തിയിരുന്നു. പണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തരുതെന്നും തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും താക്കീതു നല്‍കിയാണ് ഇരുകൂട്ടരെയും പൊലീസ് വിട്ടത്.


എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഇവരുടെ വീട്ടിലെത്തി പണം ചോദിച്ചു ബഹളമുണ്ടാക്കിയതായി മരിച്ച സ്ത്രീയുടെ ബന്ധുക്കൾ പറഞ്ഞു. റിട്ട. പൊലീസുകാരൻ്റെ നിരന്തര ശല്യത്തെ തുടർന്ന് കഴിഞ്ഞ 11-നു കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരണത്തിനു കാരണക്കാരയാവരുടെ പേരുകളടങ്ങിയ കത്ത് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.


24 ലക്ഷം രൂപയിലധികം ഇടപാടുകളുണ്ടായിട്ടുണ്ടെന്നാണ് പൊലീസിനു പ്രാഥമികമായി ലഭിച്ചിട്ടുള്ള വിവരം. ബാങ്ക് രേഖകൾ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പറവൂര്‍ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: ബെന്നി. മക്കള്‍: ഗോഡ്‌സണ്‍, ജീവനി. സംസ്‌കാരം ബുധൻ കോട്ടുവള്ളി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയില്‍.





deshabhimani section

Related News

View More
0 comments
Sort by

Home