കുടുംബ സഹായ ഫണ്ട് തട്ടിപ്പ്: ലീഗ് നേതാവിനെതിരെ എസ്കെഎസ്എസ്എഫ്

എടക്കര: ബൈക്കപകടത്തിൽ മരിച്ച രണ്ട് ഉസ്താദുമാരുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച തുക നഷ്ടപ്പെടുത്തിയവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ്. മുസ്ലിംലീഗ് സർവീസ് സംഘടനാ നേതാവും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്‌റഫ് അലിയുടെ സഹോദരനുമായ സലീം എടക്കരക്കെതിരെയാണ് എസ്‌കെഎസ്എസ്എഫ് എടക്കര മേഖലാ കമ്മിറ്റി രംഗത്തെത്തിയത്.
മഹല്ലുകളിൽ ശിഥിലീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ഉത്തരവാദപ്പെട്ടവർ മാറിനിൽക്കണമെന്നും നേതൃനിരയിലുള്ളവർ സംശുദ്ധി കാത്തുസൂക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലും പ്രസ്താവന പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ ദിവസം യുഡിഎഫ് പത്രമായ മലയാള മനോരമയിൽ സലീം എടക്കരയുടെ സാമ്പത്തിക തട്ടിപ്പിനെ വെള്ളപൂശി ലീഗ് നേതാക്കൾ സമസ്തയുടെ പേരിൽ പ്രസ്‌താവന ഇറക്കിയിരുന്നു. ഇത് പൂർണമായും തള്ളിയാണ് എസ്‌കെഎസ്‌എസ്എഫ് പുതിയ പ്രസ്താവന ഇറക്കിയത്.
2010-ൽ വാഹനാപകടത്തിൽ മരിച്ച രണ്ട് മദ്രസ മുഅല്ലിമുകളുടെ കുടുംബത്തിന് മേഖലയിലും ജില്ലയിലുമായി പണം സ്വരൂപിച്ചിരുന്നു. ഇൗ തുക ജ്വല്ലറിയിൽ നിക്ഷേിച്ചു. ഇതിന്റെ മൂല്യത്തിന് തുല്ല്യമായ 88 പവൻ സ്വർണം നഷ്ടപ്പെട്ടു. സംഭവത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും നഷ്ടപ്പെട്ട സ്വർണം കുടുംബങ്ങൾക്ക് തിരിച്ചുകൊടുക്കാൻ ഉലമാ -സംഘടനാ നേതാക്കൾ രംഗത്തുവരണമെന്നും കമ്മിറ്റി അറിയിച്ചു.
സ്വർണം എങ്ങനെ നഷ്ടമായെന്ന് അന്വേഷിക്കണമെന്നും ഇത് തട്ടിയെടുത്തവരുമായി ഒരുവിധത്തിലുള്ള അനുരഞ്‌ജനവും സാധ്യമല്ലന്നും മേഖലാ ഭാരവാഹികൾ പറഞ്ഞു. മേഖലാ പ്രസിഡന്റ് ഷമീർ ഫൈസി, സെക്രട്ടറി നിസാം കെട്ടുങ്ങൽ, ട്രഷറർ ഹബീബ് ഫൈസി, വർക്കിങ് സെക്രട്ടറി നൗഷാദ് നാണി എന്നിവർ സംസാരിച്ചു.









0 comments