സ്കൂൾ പാചകത്തൊഴിലാളികൾക്ക്‌ എല്ലാ മാസവും 5ന്‌ മുമ്പ്‌ ഓണറേറിയം

school cook workers
avatar
സ്വന്തം ലേഖകൻ

Published on Aug 06, 2025, 09:38 PM | 1 min read

തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികളുടെ ഓണറേറിയം ഇനി എല്ലാ മാസവും അഞ്ചിനുമുമ്പ്‌ ലഭിക്കും. ഓണറേറിയം സംബന്ധിച്ച വിഷയം ധനമന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കും. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽപ്പോലും സംസ്ഥാന വിഹിതംമാത്രം ഉപയോഗിച്ച് ഓണറേറിയം വിതരണം ചെയ്യും. സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന്‌ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം.


300:1 എന്ന അനുപാതത്തിൽ പാചകത്തൊഴിലാളികളെ നിയമിക്കുന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. പാചകത്തൊഴിലാളികളുടെ വിരമിക്കൽ പ്രായം 65 ആയി നിശ്ചയിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് രേഖാമൂലം അഭിപ്രായം നൽകാൻ ട്രേഡ് യൂണിയനുകൾക്ക് നിർദേശം നൽകി. പാചകത്തൊഴിലാളികൾക്ക് യൂണിഫോമും തിരിച്ചറിയൽ കാർഡും നൽകാൻ ഉച്ചഭക്ഷണ കമ്മിറ്റിക്ക്‌ നിർദേശം നൽകും. അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ പാചകത്തൊഴിലാളികളെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമീഷണറെ ചുമതലപ്പെടുത്തി. മിനിമം വേജസിന്റെ പരിധിയിൽനിന്ന്‌ സ്കൂൾ പാചകത്തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുനഃപരിശോധിക്കാൻ ലേബർ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ വർഷം നൽകിയതിൽ കുറവ് വരുത്താതെ പാചകത്തൊഴിലാളികൾക്ക് ഓണക്കാലത്ത് ഈ വർഷവും ഓണറേറിയം നൽകും.


യോഗത്തിൽ ടി പി രാമകൃഷ്ണൻ എംഎൽഎ, തൊഴിൽ സെക്രട്ടറി ഡോ. കെ വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസ്‌, ലേബർ കമീഷണർ ഷഫ്‌ന നസുറുദ്ധീൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ഡോ. എസ്‌ ചിത്ര, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Home