കെഎസ്‍യുവിൽ ഹണിട്രാപ്പ്: സംസ്ഥാന നേതാക്കൾക്കെതിരെ പരാതിയുമായി ജന. സെക്രട്ടറി; കേസ്

കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുൺ രാജേന്ദ്രൻ, യദു കൃഷ്ണൻ, കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ
കൊല്ലം: ഹണിട്രാപ്പിൽപ്പെടുത്താൻ നീക്കമെന്ന കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പരാതിയിൽ സഹപ്രവർത്തകരായ മൂന്ന് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിന്റെ പരാതിയിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ എന്നിവർക്കെതിരെ ഇരവിപുരം പൊലീസ് ആണ് കേസെടുത്തത്.
കേസിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാർ ഒന്നുംരണ്ടും പ്രതികളും ജില്ലാ പ്രസിഡന്റ് മൂന്നാം പ്രതിയുമാണ്. 308, 351, 225, 61 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ പൊലീസ് രജിസ്‌റ്റർചെയ്‌തിട്ടുള്ളത്. പരസ്‌ത്രീ ബന്ധം ആരോപിച്ച് തന്റെ പൊതുജീവതം തകർക്കാൻ പ്രതികൾ ശ്രമിച്ചുവരികയാണെന്നും ഒരു സ്‌ത്രീയെകൊണ്ട് ഫോണിൽ നിരന്തരം വിളിപ്പിച്ച് പണം ആവശ്യപ്പെട്ടുവെന്നും ആഷിക് ബൈജു പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി അന്യായ ധനസമ്പാദനം നടത്തുകയെന്ന ഉദ്ദേശത്തോടെ ഒന്നാംപ്രതി, രണ്ടുമൂന്നും പ്രതികളുടെ പ്രേരണയോടെ കഴിഞ്ഞവർഷം ഡിസംബർ ഒമ്പതിന് ആഷിക്കിനെ വാട്സ്ആപ്പ് കോൾ ചെയ്ത് പൊതുജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് എഫ്‌ഐആറിൽ ചൂണ്ടികാട്ടുന്നു.
പലപ്രാവശ്യം തിരുവനന്തപുരത്തുവച്ച് ബലാത്സംഗത്തിന് ഇരയാക്കിയെന്ന് ഒരു സ്ത്രീ ആരോപിക്കുന്ന വോയിസ് ക്ലിപ്പ് പരാതിക്കാരന് പ്രതികൾ അയച്ചു കൊടുത്തുവെന്നും പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി പ്രവർത്തിച്ചുവെന്നും എഫ്‌ഐആറിലുണ്ട്.









0 comments