‘എന്തടിസ്ഥാനത്തിലാണ് ഇത്തരം പൊതുതാൽപര്യ ഹർജികൾ നല്‍കുന്നത്’; തോമസ് ഐസക്കിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി

കൊച്ചി: കേരള നോളജ് മിഷന്‍ ഉപദേശകനായി മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ നിയമിച്ചതിനെതിരെ നൽകിയ ഹര്‍ജിയിൽ ഹര്‍ജിക്കാരനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം. പരാതിക്കാരനായ പായച്ചിറ നവാസിനെക്കുറിച്ചുള്ള (എ നവാസ്) വിവരങ്ങള്‍ അന്വേഷിച്ച് അറിയിക്കാനാണ് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. സർക്കാരിന്റെ നടപടിക്രമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.
എന്തടിസ്ഥാനത്തിലാണ് ഇത്തരം പൊതുതാൽപര്യ ഹർജികൾ നല്‍കുന്നതെന്ന് ഹർജി പരിഗണിക്കവേ കോടതി ചോദിച്ചു. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഹർജിക്കാരന് മനസ്സിലായിട്ടുണ്ടോ?. പരാതിക്കാരൻ വായിച്ചു മനസിലാക്കിയിട്ടാണോ ഇത്തരം ഹർജികൾ സമർപ്പിക്കുന്നത് എന്നും കോടതി ചോദിച്ചു.
പരാതിക്കാരന്റെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ വിവരങ്ങളും അറിഞ്ഞിരിക്കണമെന്ന് കോടതി പരാമർശച്ചു. താൻ സാക്ഷരനും ഡ്രൈവറും വിവരാവകാശ പ്രവർത്തകനുമാണെന്ന് മാത്രമാണ് ഹർജിക്കാരൻ എഴുതിയിരിക്കുന്നതെന്നും മറ്റ് സ്വകാര്യ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.
തോമസ് ഐസക്കിന്റെ നിയമനം ചട്ടവിരുദ്ധവും അഴിമതിയും ആണെന്നായിരുന്നു ഹർജിയിൽ പായച്ചിറ നവാസിന്റെ ആരോപണം. ഹർജിയുടെ സാധുത ചോദ്യം ചെയ്ത കോടതി, ഇത്തരത്തിലുള്ള പൊതുതാൽപ്പര്യ ഹർജികൾ സമർപ്പിക്കുന്നത് നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചെന്നും അഭിപ്രായപ്പെട്ടു.









0 comments