ഹൈക്കോടതി പ്രത്യേക ബെഞ്ച്‌ ആദ്യ സിറ്റിങ് നടത്തി

റാഗിങ് നിരോധന നിയമം 
പരിഷ്‌കരിക്കണം : ഹൈക്കോടതി

highcourt on ragging
വെബ് ഡെസ്ക്

Published on Mar 06, 2025, 12:14 AM | 1 min read


കൊച്ചി : കേരള റാഗിങ് നിരോധന നിയമം (1998) കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന്‌ ഹൈക്കോടതി പ്രത്യേക ബെഞ്ച്‌. നിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടം രൂപീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച്‌ ആദ്യസിറ്റിങ്ങിൽ നിർദേശിച്ചു. റാഗിങ് നിരോധന നിയമം കർശനമായി നടപ്പാക്കാൻ നി‌ർദേശിക്കണമെന്നും മേൽനോട്ട സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് നടപടി.


റാഗിങ് അതിക്രമങ്ങൾ തടയാൻ കർശനനിയന്ത്രണങ്ങൾക്ക്‌ സർക്കാർ മുഖ്യപങ്ക് വഹിക്കണം. 27 വർഷംമുമ്പ്‌ നിലവിൽവന്ന നിയമത്തിന്‌ ചട്ടം രൂപീകരിക്കാത്തതാണ്‌ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് തടസ്സം. ചട്ടം രൂപീകരിക്കാൻ വിവിധ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി കർമസമിതി രൂപീകരിക്കണം. വ്യക്തികളിൽനിന്നും എൻജിഒകളിൽനിന്നും അഭിപ്രായം തേടണം. കർമസമിതി രൂപീകരിച്ച്‌ 19നകം അറിയിക്കണം.


റാഗിങ്ങിനെതിരെ സംസ്ഥാനതല സെല്ലും ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ ജില്ലാ മേൽനോട്ട സമിതിയും രൂപീകരിക്കാൻ യുജിസിയുടെ 2009ലെ മാർഗരേഖ നിർദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം പൊലീസ് സർക്കുലറും ഇറക്കി. സമിതികളുടെ പ്രവർത്തനം ക്രോഡീകരിച്ച് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി റിപ്പോർട്ട്‌ നൽകണം.


നിലവിൽ സമിതിയില്ലെങ്കിൽ രൂപീകരിക്കാനുള്ള സമയപരിധി അറിയിക്കണം. 2020ലെ ഹൈക്കോടതി ഉത്തരവുപ്രകാരം ഐജിയുടെ മേൽനോട്ടത്തിൽ ‘കെയർ' എന്ന ആന്റി റാഗിങ് സെൽ രൂപീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കണം.


സർവകലാശാലകളിൽ രൂപീകരിച്ച മേൽനോട്ട സമിതികളുടെ വിവരങ്ങൾ അറിയിക്കാൻ ഹർജിയിൽ കക്ഷിചേർത്ത് യുജിസിയോടും നിർദേശിച്ചു. റാഗിങ്ങിനിരയായി മകളെ നഷ്ടപ്പെട്ട സി എൽ ആന്റോയ്‌ക്കും കക്ഷിചേരാൻ അനുമതി നൽകി.


നിലവിലെ നിയമപ്രകാരം റാഗിങ്ങിന്‌ രണ്ടുവർഷംവരെ തടവും 10,000 രൂപവരെ പിഴയുമാണ്‌ ശിക്ഷ. സസ്‌പെൻഷൻ നിലനിൽക്കുന്നതോടൊപ്പം മൂന്ന് വർഷത്തേക്ക് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം തുടരാനും അനുമതിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Home