കേരളത്തിലുള്ളവർ അന്യഗ്രഹജീവികളോ

സഹായിക്കില്ലെന്ന്‌ പറയാൻ ധെെര്യമുണ്ടോ ; കേന്ദ്രത്തിന് ഹൈക്കോടതിയുടെ ര‍ൂക്ഷവിമർശം

wayanad tragedy compensation
avatar
പി വി ബിന്ദു

Published on Oct 09, 2025, 03:00 AM | 2 min read


കൊച്ചി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാതെ മുഖംതിരിച്ച് നിൽക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശവുമായി ഹെെക്കോടതി. ദുരിതബാധിതരെ സഹായിക്കാനാകില്ല എന്നല്ല, അതിന് മനസ്സില്ല എന്ന് ജനങ്ങളോട് പറയാൻ കേന്ദ്രത്തിന് ധെെര്യം ഉണ്ടോയെന്ന് ഹെെക്കോടതി ചോദിച്ചു. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാത്ത കേന്ദ്രം ഗുജറാത്തിനും ഹരിയാനയ്‌ക്കും അസമിനും കോടികൾ വാരിക്കോരി കൊടുക്കുന്നുണ്ട്. ഈ ചിറ്റമ്മനയം വേണ്ട. കെെയിലുള്ള അധികാരം മറച്ചുവച്ച് ആരെയാണ് വിഡ്ഢികളാക്കുന്നത്‌. വായ്‌പ എഴുതിത്തള്ളാൻ വ്യവസ്ഥയില്ലെന്നും റിസർവ് ബാങ്കിന്റെയടക്കം അധികാരത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും ബുധനാഴ്‌ചയും കേന്ദ്ര നിലപാട് ആവർത്തിച്ചപ്പോഴാണ് ഹെെക്കോടതി രൂക്ഷമായി പ്രതികരിച്ചത്. ഈ നിലപാട് തന്നെയല്ലേ നേരത്തേ സ്വീകരിച്ചത് എന്ന് ആരാഞ്ഞ ഹെെക്കോടതി, സത്യവാങ്മൂലം തള്ളി.


വായ്‌പ നൽകിയ ബാങ്കുകളെ ഹർജിയിൽ കക്ഷിചേർത്ത കോടതി, കൃത്യമായ നിലപാടറിയിക്കാനും നിർദേശിച്ചു. ജപ്തിനടപടിക്കുള്ള സ്റ്റേ തുടരുമെന്നും കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിൽ ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കേന്ദ്ര സത്യവാങ്മൂലം അങ്ങേയറ്റം അസ്വസ്ഥയുണ്ടാക്കുന്നു. പൗരൻമാരെ അന്യഗ്രഹജീവികളായി കാണരുത്. ഇത് ഒന്നിന്റെയും അവസാനമല്ല. കേന്ദ്രത്തിന്റെ കാരുണ്യം വേണ്ട. മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കിയപ്പോൾ കേന്ദ്രത്തിന് മാനദണ്ഡങ്ങളൊന്നും ബാധകമായിരുന്നില്ലേ. ഭരണഘടനയുടെ ആർട്ടിക്കിൾ 73 പ്രകാരം പാർലമെന്റിനുള്ള അധികാരം അറിയില്ലേ. ഇതാണ് മനോഭാവമെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടിവരും.


കേന്ദ്ര ഉദ്യോഗസ്ഥര്‍ ഭരണഘടന വായിക്കണം. എന്തുചെയ്യണമെന്ന് അതിലുണ്ട്. അത് കോടതിക്കറിയാം. കേന്ദ്രസർക്കാരിന്റെ അധികാരം ഉപയോഗിച്ച് അനുകൂല തീരുമാനമെടുക്കാനാണ് നേരത്തേ കോടതി നിർദേശിച്ചിരുന്നത്. എന്നിട്ടും ഇതാണോ നിലപാട്‌.


വായ്‌പ എഴുതിത്തള്ളുന്നതിൽ വിസമ്മതം അറിയിച്ച് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മൃത്യുഞ്ജയ് ത്രിപാഠിയാണ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. കോടതി പലതവണ സമയം നീട്ടിനൽകിയശേഷമാണിത്‌ സമർപ്പിച്ചത്. കേന്ദ്രസർക്കാർ അഭിഭാഷകയും അതേ നിലപാട് ആവർത്തിച്ചു. ഹര്‍ജി 29ന് വീണ്ടും പരിഗണിക്കും. സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ്, സ്‌പെഷൽ ഗവ. പ്ലീഡർ സി ഇ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ ഹാജരായി.


modi


കേരളത്തിലുള്ളവർ അന്യഗ്രഹജീവികളോ

കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാത്ത കേന്ദ്രസർക്കാർ ഗുജറാത്ത്, ഹരിയാന, അസം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കോടികൾ വാരിക്കോരി കൊടുക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ഡിവിഷൻബെഞ്ച് ചോദിച്ചത്‌ പത്രവാർത്ത ഉയർത്തിക്കാട്ടി.


പണമില്ലെന്നുപറഞ്ഞ് കേന്ദ്ര സർക്കാർ ഒഴിയാൻനോക്കിയപ്പോഴാണ്‌ മറ്റുസംസ്ഥാനങ്ങൾക്ക് കോടികൾ നൽകിയതിന്റെ ദ ഹിന്ദു വാർത്ത കോടതി കാണിച്ചത്‌. അസമിനും ഗുജറാത്തിനും ഉരുൾപൊട്ടലിന്റെ പേരിൽ ദുരന്തനിവാരണ നിധിയിൽനിന്ന് 707 കോടി രൂപ നൽകി. ഈ ദുരന്തം വയനാടിന്റെ അത്ര ഗുരുതരമല്ലായിരുന്നു. മധ്യപ്രദേശിനും ഹരിയാനയ്‌ക്കും രാജസ്ഥാനും 903 കോടിയും അനുവദിച്ചു. കേരളത്തിലെ പൗരൻമാരെ അന്യഗ്രഹജീവികളായാണോ കാണുന്നത്‌. കേന്ദ്രത്തിനെതിരായ നടപടികളിലേക്ക്‌ മുതിരാത്തത് കോടതിയുടെ മഹാമനസകത കൊണ്ടാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 2221 കോടി രൂപ ആവശ്യപ്പെട്ട സംസ്ഥാനത്തിന് വെറും 260 കോടിയാണ് മോദി സർക്കാർ അനുവദിച്ചത്‌.





deshabhimani section

Related News

View More
0 comments
Sort by

Home