കാമ്പസിന് പുറത്തെ വിദ്യാർഥിസംഘർഷവും റാഗിങ്ങായി കണക്കാക്കണം : ഹെെക്കോടതി

കൊച്ചി
കാമ്പസിന് പുറത്തുനടക്കുന്ന സമാനസ്വഭാവമുള്ള വിദ്യാർഥിസംഘർഷങ്ങളെ റാഗിങ്ങായി കണക്കാക്കുംവിധം കേരള റാഗിങ് നിരോധന നിയമത്തിൽ ഭേദഗതി വേണമെന്ന് ഹൈക്കോടതി. പുതിയ നിയമത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൃത്യമായ നിർവചനം വേണമെന്ന ആവശ്യവും പരിഗണിക്കണം. ഹോസ്റ്റലുകളെയും വിദ്യാലയങ്ങളെയും നിയമപരിധിയിൽ കൊണ്ടുവരണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കരട് തയ്യാറായതായി സർക്കാരിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി അറിയിച്ചു. ബിഎൻഎസ്എസ് പ്രകാരം ജാമ്യമില്ലാ വകുപ്പുകളടക്കം ചേർത്ത് കർശന സ്വഭാവത്തിലുള്ള നിയമമാണ് തയ്യാറാക്കുന്നത്. കരടിന്റെ പകർപ്പ് കേരള ലീഗൽ സർവീസസ് അതോറിറ്റിക്കും (കെൽസ) യുജിസിക്കും നൽകാൻ കോടതി നിർദേശിച്ചു. കാമ്പസിന് പുറത്തുനടക്കുന്ന സംഘർഷങ്ങളിൽ പൊലീസിന് നേരിട്ട് മറ്റു നിയമങ്ങൾപ്രകാരം നടപടിയെടുക്കാമെന്നും അത് റാഗിങ് നിയമത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, നിയമം കർശനമാകാൻ ഇത് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കരട് ലഭിക്കുന്നമുറയ്ക്ക് വിഷയത്തിൽ നിലപാട് അറിയിക്കാമെന്ന് യുജിസി അറിയിച്ചു.
റാഗിങ് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ചതും കെൽസ സമർപ്പിച്ചതുമടക്കമുള്ള ഹർജികളാണ് പരിഗണിക്കുന്നത്. കോടതി നിർദേശത്തെ തുടർന്ന് റാഗിങ് നിരോധന നിയമത്തിൽ ഭേദഗതിക്കായി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. കരടിന്മേലുള്ള നിർദേശങ്ങൾ ഒരാഴ്ചയ്‌ക്കകം സമർപ്പിക്കാൻ കെൽസയോടും യുജിസിയോടും നിർദേശിച്ചു. കെൽസയ്‌ക്കുവേണ്ടി എ പാർവതി മേനോൻ ഹാജരായി.









0 comments