റാഗിങ് നിരോധന നിയമം ; കർമസമിതി 2 മാസത്തിനകം ചട്ടം രൂപീകരിക്കണം : ഹെെക്കോടതി

കൊച്ചി
വിദ്യാലയങ്ങളിൽ റാഗിങ് നിരോധിക്കുന്നതു സംബന്ധിച്ച കരടുനയത്തിൽ വന്ന നിർദേശങ്ങളടക്കം പരിഗണിച്ച് രണ്ട് മാസത്തിനകം ചട്ടങ്ങൾ രൂപീകരിക്കണമെന്ന് റാഗിങ്‌വിരുദ്ധനിയമ കർമസമിതിയോട് ഹെെക്കോടതി. റാഗിങ് നടത്തുന്നവരും അത് മറച്ചുവയ്‌ക്കുന്ന സ്ഥാപന മേധാവികളും ഒരുപോലെ ഉത്തരവാദികളാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ശാരീരികവും മാനസികവും ലൈംഗികവുമായ എല്ലാ ഭീഷണികളും റാഗിങ്ങിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) ആവശ്യപ്പെട്ടു. പുതിയ നിയമത്തിലെ വ്യവസ്ഥകൾ യുജിസി റെഗുലേഷന് എതിരാകരുതെന്ന് യുജിസിയുടെ അഭിഭാഷകനും നിർദേശിച്ചു. നിലവിലുള്ള റാഗിങ്നിരോധന നിയമത്തിൽ ഭേദഗതിക്കായി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി രൂപീകരിച്ച കർമസമിതി നൽകിയ കരടുനയത്തിലാണ് സർക്കാരും കെൽസയും യുജിസിയും നിർദേശങ്ങൾ നൽകിയത്.
റാഗിങ് നിരോധനത്തിനായി ജില്ലകളിൽ കലക്ടർ അധ്യക്ഷനായി ജില്ലാ നിരീക്ഷണസമിതിയും സംസ്ഥാനതലത്തിൽ നിരീക്ഷണസെല്ലും രൂപീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. റാഗിങ് സംസ്ഥാന നിരീക്ഷണ സമിതിയിൽ കെൽസ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് കെൽസയും നിർദേശിച്ചു. ഓട്ടോണമസ് കോളേജുകളും റാഗിങ് നിരോധന നിയമത്തിന്റെ പരിധിയിൽ വരണമെന്നും ഹോസ്റ്റൽ വാർഡനെ ആന്റി റാഗിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും യുജിസി നിർദേശിച്ചു.
റാഗിങ് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ചതും കെൽസ സമർപ്പിച്ചതുമടക്കമുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് സി ജയചന്ദ്രനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സർക്കാരിനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ പി നാരായണനും കെൽസയ്‌ക്കുവേണ്ടി എ പാർവതി മേനോനും ഹാജരായി.









0 comments