താൽക്കാലിക വിസിമാർക്ക് 3 ദിവസംകൂടി തുടരാം , നയപരമായ തീരുമാനങ്ങൾക്ക് വിലക്ക്

കൊച്ചി
കേരള ഡിജിറ്റൽ സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വെെസ് ചാൻസലർമാർക്ക് വെള്ളിവരെ തുടരാമെന്ന് ഹെെക്കോടതി. എന്നാൽ, വിസിമാർ നയപരമായ തീരുമാനം എടുക്കരുതെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
താൽക്കാലിക വിസിമാരായ ഡോ. സിസ തോമസ് (ഡിജിറ്റൽ സർവകലാശാല), ഡോ. കെ ശിവപ്രസാദ് (സാങ്കേതിക സർവകലാശാല) എന്നിവരുടെ കാലാവധി ചൊവ്വാഴ്ച പൂർത്തിയാകേണ്ടതായിരുന്നു. ഇതാണ് 30വരെ നീട്ടിയത്. സർവകലാശാലകളുടെ എക്സിക്യൂട്ടീവ് കൗൺസിലോ ജനറൽ കൗൺസിലോ ഭരണസമിതിയോ തീരുമാനിക്കുന്ന നയപരമായ തീരുമാനം നടപ്പാക്കുന്നതിന് ഇരുവർക്കും വില ക്കുണ്ട്.
താൽക്കാലിക വിസി നിയമനം നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ ചാൻസലറായ ഗവർണർ സമർപ്പിച്ച അപ്പീലുകളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. രണ്ട് വിസിമാർ നൽകിയ അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. ഹർജികളിൽ വ്യാഴാഴ്ച വാദം തുടരും.
സർവകലാശാലകളിൽ താൽക്കാലിക ഒഴിവ് നികത്തേണ്ട സാഹചര്യത്തിൽ സർക്കാർ നൽകുന്ന പട്ടികയിൽനിന്ന് ചാൻസലർ നിയമനം നടത്തണമെന്നാണ് സർവകലാശാലാനിയമത്തിൽ പറയുന്നതെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്ന് ചാൻസലറായിരുന്ന ആരിഫ് മൊഹമ്മദ് ഖാൻ ഇത് പാലിക്കാതെയാണ് നിയമനം നടത്തിയത്.
വിസി നിയമനങ്ങളിൽ യുജിസി റെഗുലേഷനാണ് അന്തിമമെന്നും അതുപ്രകാരമാണ് നിയമനം നടത്തിയതെന്നും ചാൻസലർ വാദിച്ചു. സർവകലാശാല നിയമങ്ങൾ മാത്രം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും ആറുമാസ കാലാവധി സർവകലാശാലാ നിയമത്തിലാണ് ബാധകമെന്നും സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ ഇരുവരും ഒഴിയേണ്ടതില്ലെന്നും വാദിച്ചു.
സ്ഥിരം വിസി നിയമനത്തിനായി സർക്കാരിന്റെ നിയമാനുസൃതനടപടികൾ പുരോഗമിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. താൽക്കാലിക വിസിമാർക്ക് തുടരാൻ അർഹതയില്ലെന്നും വാ ദിച്ചു.









0 comments