ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു; ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും

കോഴിക്കോട്: കേരള – തമിഴ്നാട് അതിർത്തിയിലെ വനത്തിൽ നിന്നും കണ്ടെത്തിയ ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു. ശരീരത്തിലേറ്റ ഗുരുതര പരിക്കുകളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡിഎൻഎ പരിശോധന ഇന്ന് നടക്കും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും മൃതദേഹം ബന്ധുകൾക്ക് കൈമാറുകയെന്ന് പൊലീസ് അറിയിച്ചു.
മെഡിക്കൽ കോളേജിന് സമീപം മായനാട്ടുനിന്ന് ഒന്നരവർഷംമുമ്പാണ് ബത്തേരി പുറാല വിനോദ് ഭവനിൽ ഹേമചന്ദ്രനെ (54) കണാതായത്. കോഴിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചേരമ്പാടി ഉൾവനത്തിലെ ചതുപ്പുനിലത്താണ് മൃതദേഹം കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം.
സംഭവത്തിൽ ബത്തേരി മാടാക്കര പനങ്ങാർ വീട് ജ്യോതിഷ് കുമാർ (35), വെള്ളപ്പന പള്ളുവാടി ബി എസ് അജേഷ് (27) എന്നിവർ പിടിയിലായിട്ടുണ്ട്. മുഖ്യപ്രതി എന്ന് കരതുന്ന നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇയാൾ വിദേശത്താണെന്നാണ് റിപ്പോർട്ട്.
ഹേമചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളേജ് മായനാടിനടുത്ത് നടപ്പാലത്ത് വാടകവീട്ടിലായിരുന്നു താമസം. 2024 മാർച്ച് 20 മുതൽ കാണാനില്ലെന്ന് ഭാര്യ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ ഹേമചന്ദ്രൻ നിരവധി ആളുകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായി കണ്ടെത്തി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കം അപായപ്പെടുത്തുന്നതിന് കാരണമായോ എന്നാണ് ആദ്യം പരിശോധിച്ചത്.
അന്വേഷണത്തിനായി സിറ്റി പൊലീസ് കമീഷണർ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. ഹേമചന്ദ്രന്റെ ഫോൺ കോൾ റെക്കോഡും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. 2024 ഏപ്രിൽ 25ന് ഹേമചന്ദ്രനെ പെൺസുഹൃത്ത് മായനാട്ടെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയതായി കണ്ടെത്തി. ബലം പ്രയോഗിച്ച് കാറിൽ തട്ടിക്കൊണ്ടുപോയതായും കണ്ടെത്തി. തുടർന്നാണ് ജ്യോതിഷ് കുമാറിനെയും അജേഷിനെയും കസ്റ്റഡിയിലെടുക്കുന്നത്. ഇവരിൽനിന്നാണ് ചേരമ്പാടി വനത്തിൽ കുഴിച്ചിട്ടതായി വിവരം കിട്ടിയത്.
മെഡിക്കൽ കോളേജ് എസിപി എ ഉമേഷ്, ഇൻസ്‌പെക്‌ടർ പി കെ ജിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധിച്ച് മൃതദേഹം കണ്ടെത്തി. തമിഴ്നാട് റവന്യു, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തമിഴ്നാട്ടിൽ പോസ്റ്റുമോർട്ടം നടത്തിയാണ് മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ ടി നാരായൺ, ഡിസിപി അരുൺ കെ പവിത്രൻ തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.








0 comments