ഹേമ കമ്മിറ്റി റിപ്പോർട്ട് ; സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമം : വനിതാ സിനിമാപ്രവർത്തകർ

മാല പാർവതി വിധു വിൻസന്റ് ഭാഗ്യലക്ഷ്‌മി
തിരുവനന്തപുരം
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചെന്ന് വനിതാ സിനിമാപ്രവർത്തകർ. റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകൾ അവസാനിക്കാൻ പൊലീസ് തീരുമാനിക്കുന്നതായി കാട്ടി പാർവതി തിരുവോത്ത് സമൂഹമാധ്യമത്തിലിട്ട സ്‌റ്റോറിയോട് പ്രതികരിക്കുകയായിരുന്നു ഇവർ. അഞ്ചുവർഷമായി സർക്കാർ എന്തുചെയ്‌തുവെന്ന പാർവതിയുടെ ചോദ്യത്തെ വിസ്‌മയത്തോടെ മാത്രമേ കാണാൻ സാധിക്കുവെന്ന് നടി മാല പാർവതി പറഞ്ഞു. മറ്റൊരു സംസ്ഥാനവും ചിന്തിക്കാത്ത കാര്യംചെയ്‌ത് തുടങ്ങിയ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കാമായിരുന്നു–- മാല പാർവതി ഫേസ്‌ബുക്കിൽ കൂട്ടിചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്ന ഡബ്ല്യുസിസി അംഗത്തിന്റെ നടപടി ന്യായമല്ലെന്ന് പ്രമുഖ ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി പറഞ്ഞു. തനിക്ക് മൂന്നു സംവിധായകരിൽനിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഈ നടി ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകി. എന്നാൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷകസംഘത്തിന് മുന്നിൽ ഇക്കാര്യങ്ങൾ പറയാൻ അവർ വിസമ്മതിച്ചു. എന്നിട്ടെന്തിനാണ് സർക്കാരിനെ കുറ്റപ്പെടുത്തുന്നത്– ഭാഗ്യലക്ഷ്‌മി ചോദിച്ചു.
പാർവതി അടക്കമുള്ളവർ അവർ അഭിനയിച്ച ചില സിനിമകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴിയായി നൽകിയിരുന്നുവെങ്കിലും പിന്നീട് പൊലീസ് കേസുകളുമായി മുന്നോട്ട് പോകാൻ അവരാരും തയ്യാറായില്ലെന്ന് സംവിധായിക വിധു വിൻസന്റ് പറഞ്ഞു.
ഹേമ കമ്മിറ്റിയും ചെയ്‌ത കാര്യങ്ങളും
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അന്വേഷിച്ച് അവയ്‌ക്ക് പരിഹാര നടപടികൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ഹൈക്കോടതി റിട്ട. ജഡ്‌ജി ഹേമ അധ്യക്ഷയായ കമ്മിറ്റിയിൽ നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവരാണ് അംഗങ്ങൾ. 2017 ജൂലൈ ഒന്നിനായിരുന്നു കമ്മിറ്റി രൂപീകരണം. 2019 ഡിസംബർ 31 ന് കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി.
സ്വീകരിച്ച നടപടികൾ
●സംസ്ഥാന വനിതാ കമീഷന്റെ നിർദേശപ്രകാരം സിനിമാമേഖലയിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ചു
●സിനിമ നയം രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സിനിമ കോൺക്ലേവ് സംഘടിപ്പിക്കും
●സിനിമ രംഗത്ത് വനിതകളെയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിവർഷം വനിതകളുടെ വിഭാഗത്തിൽ രണ്ടും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ രണ്ടും തിരക്കഥകൾക്ക് അവ സിനിമയാക്കാൻ പരമാവധി 1.5 കോടി രൂപ വീതം സഹായം അനുവദിക്കുന്ന പദ്ധതി നടപ്പാക്കി
●കെഎസ്എഫ്ഡിസിയുടെ തീയറ്ററുകൾ നവീകരിക്കുന്ന പദ്ധതി ഈ സർക്കാർ നടപ്പാക്കിയതിന്റെ ഭാഗമായി ഒട്ടനവധി ആധുനിക സജ്ജീകരണങ്ങൾ തീയറ്ററുകളിൽ ഒരുക്കി
●സിനിമയുടെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി തൊഴിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതി ചലച്ചിത്ര അക്കാദമി വഴി ആരംഭിച്ചു
●ചലച്ചിത്ര പുരസ്‌കാരത്തിൽ സിനിമയുടെ ഏതെങ്കിലും മേഖലയിൽ മികവു പുലർത്തുന്ന സ്ത്രീ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി 50,000 രൂപയുടെ പ്രത്യേക പുരസ്‌കാരം ഏർപ്പെടുത്തി
●കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ കായംകുളം, വൈക്കം, അളഗപ്പ നഗർ, പയ്യന്നൂർ, എന്നിവിടങ്ങളിൽ പുതിയ തീയറ്ററുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ചിത്രാഞ്ജലി സ്‌റ്റുഡിയോ കോംപ്ലക്‌സിന്റെ വികസന പ്രവർത്തനങ്ങളും നടക്കുന്നു.
റിപ്പോർട്ടിൽ നടപടി സ്വീകരിച്ചു: മന്ത്രി
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രി പ്രത്യേകം താൽപ്പര്യമെടുത്താണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. നടപടി വിശദീകരിക്കാൻ വാർത്താസമ്മേളനം വിളിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.









0 comments