ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ; മൊഴി നൽകിയവർ സഹകരിക്കുന്നില്ല കേസുകളിൽ തുടർനടപടി അവസാനിപ്പിച്ചു

കൊച്ചി
സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളിലെയും തുടർനടപടികൾ അവസാനിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൊഴി നൽകിയവർ സഹകരിക്കാത്തതിനാലാണിതെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി മനു അറിയിച്ചു.
ആകെ 35 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒരു കേസ് ആവർത്തനമായിരുന്നു. അതിനാൽ 34 കേസുകളിലെ തുടർനടപടികളാണ് അവസാനിപ്പിച്ചത്. മൊഴി നൽകാൻ ആരെയും നിർബന്ധിക്കേണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, പരാതികൾ സ്വീകരിക്കാൻ പൊലീസിന്റെ നോഡൽ ഓഫീസ് പ്രവർത്തനം തുടരാനും നിർദേശിച്ചു.
ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയവർക്കും ചലച്ചിത്രമേഖലയിൽനിന്ന് ചൂഷണമോ ദുരുപയോഗമോ നേരിട്ടവർക്കും പരാതി നൽകാമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
സിനിമാതൊഴിൽ മേഖലയ്ക്കായി പ്രത്യേക നയം രൂപീകരിക്കാനും നിയമനിർമാണവും ലക്ഷ്യമിട്ട് സിനിമാ കോൺക്ലേവ് ആഗസ്‌ത് ആദ്യവാരം നടത്തുമെന്നും സർക്കാർ അറിയിച്ചു. തുടർന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് ഹർജികൾ പിന്നീട് പരിഗണിക്കാൻ മാറ്റി.
2022ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിനിമാ യൂണിറ്റുകളിൽ രൂപീകരിക്കേണ്ട ആഭ്യന്തര പരാതിപരിഹാര സമിതിയുടെ സുഗമമായ പ്രവർത്തനത്തിന് മാർഗനിർദേശം ആവശ്യമാണെന്ന് വനിതാ കമീഷൻ അഭിഭാഷക എ പാർവതിമേനോൻ ചൂണ്ടിക്കാട്ടി. ഈ വിഷയം ഉന്നയിച്ച് നേരത്തേ റിപ്പോർട്ടും നൽകിയിരുന്നു.
ഇക്കാര്യങ്ങളടക്കം കോടതി പരിശോധിക്കും. സമിതിയുടെ മേൽനോട്ടത്തിനായി വനിതാ കമീഷന്റെ നേതൃത്വത്തിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് 27 അംഗ സമിതിക്ക് രൂപംനൽകിയിരുന്നു.









0 comments