ഹേമ കമ്മിറ്റി : സിനിമാ കരടുനയം മന്ത്രിസഭ ഉടൻ പരിഗണിക്കും

Hema Committee
വെബ് ഡെസ്ക്

Published on Oct 09, 2025, 12:29 AM | 1 min read


കൊച്ചി

സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കൊണ്ടുവരുന്ന നിയമത്തിന്റെ കരട് നാലാഴ്ചയ്ക്കകം മന്ത്രിസഭ പരിഗണിക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളുമായി ബന്ധപ്പെട്ട പ്രത്യേക സിറ്റിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.


സിനിമാ കോൺക്ലേവിലും അതിനുശേഷം ഓൺലൈനായും ലഭിച്ച അഭിപ്രായങ്ങളിൽ നയരൂപീകരണ ചർച്ചകൾ തുടരുകയാണെന്ന് സർക്കാർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന കരട് മന്ത്രിസഭ അംഗീകരിച്ചശേഷമാകും നിയമനിർമാണമെന്നും വ്യക്തമാക്കി. തുടർന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻനമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജികൾ നവംബർ 12ന് പരിഗണിക്കാൻ മാറ്റി.


അടുത്തതവണ ഹർജികൾ പരിഗണിക്കുമ്പോൾ ചർച്ചകളിലെ തീരുമാനം അറിയിക്കാനും നിർദേശിച്ചു. ചലച്ചിത്രമേഖലയിൽ ലിംഗസമത്വം, തൊഴിൽസുരക്ഷ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തുകയാണ് നയരൂപീകരണം ലക്ഷ്യമിടുന്നത്.


ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രത്യേക പൊലീസ് സംഘം രജിസ്റ്റർ ചെയ്ത കേസുകൾ തുടരുന്നുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. പരാതിക്കാർ സഹകരിക്കാത്തതിനാൽ എല്ലാ കേസുകളും അവസാനിപ്പിച്ചതായി സർക്കാർ വ്യക്തമാക്കി. അന്വേഷണ ആവശ്യമുന്നയിച്ച് സമർപ്പിച്ചിരിക്കുന്ന ഹർജികളും ഈ സാഹചര്യത്തിൽ തീർപ്പാക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളോട് നിലപാടറിയിച്ച് സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home