ഹേമ കമ്മിറ്റി
സിനിമ നയരൂപീകരണം : കോൺക്ലേവ് ആഗസ്‌തിലെന്ന് സർക്കാർ

കൊച്ചി
സിനിമ നയരൂപീകരണത്തിനു മുന്നോടിയായുള്ള കോൺക്ലേവ് ആഗസ്‌തിൽ നടത്താനാകുമെന്ന് സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. ഏപ്രിലിൽ നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. കൂടുതൽ സമയം ആവശ്യമായതിനാൽ ആഗസ്‌ത് 2, 3 തീയതികളിലേക്ക് നീട്ടുകയാണെന്ന് അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. അതേസമയം, സിനിമാമേഖലയിൽ വനിതകൾക്കെതിരായ അതിക്രമം തടയാനുള്ള പ്രത്യേകനിയമം നടപ്പാക്കുന്നതിന്റെ സമയക്രമം അറിയിക്കാൻ ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
കോൺക്ലേവ് വെെകുന്നത് നിയമനിർമാണം വൈകിക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതോടെയാണ് വിഷയം വീണ്ടും പരിഗണിക്കുന്ന ജൂൺ ഒമ്പതിന് സമയക്രമം അറിയിക്കാൻ നിർദേശിച്ചത്. സിനിമാമേഖലയിൽ പരാതിപരിഹാരത്തിനുള്ള മേൽനോട്ടസമിതികൾക്ക് മാർഗനിർദേശം രൂപീകരിക്കാൻ നോഡൽ ഏജൻസിയായ വനിതാ ശിശുക്ഷേമവകുപ്പിന് നിർദേശം നൽകണമെന്ന് വനിതാ കമീഷൻ ആവശ്യപ്പെട്ടു. നിയമം പ്രാബല്യത്തിൽ വരുന്നതുവരെ ഇടക്കാല മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണപുരോഗതി പ്രത്യേക അന്വേഷകസംഘം കോടതിയിൽ വിശദീകരിച്ചു.









0 comments