സംസ്ഥാനത്ത് കനത്ത മഴ; എട്ട് ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാ​ഗ്രതാ നിർദേശം

red alert in kerala
വെബ് ഡെസ്ക്

Published on May 30, 2025, 04:55 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റിലും മഴയിലും വിവധ ജില്ലകളിൽ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. ജില്ലകളിൽ 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.


തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാം. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്.


അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.


കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശൂരിന്റെ തീരദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. എടത്തുരുത്തി, കയ്പമം​ഗലം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. നിരവധി വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്. തയ്യൂരിൽ കനത്ത മഴയിൽ വീട് തകർന്നു.


മഴയിൽ പലയിടങ്ങളിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്ത് കനത്ത മഴയിൽ നിരവധിയിടങ്ങളിൽ വെള്ളം കയറി. മഞ്ചേശ്വരം, കുഞ്ചത്തൂർ, ഉപ്പള ഗേറ്റ്, ബന്ദിയൂർ, മറ്റമ്പാടി, പാവൂർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. വിവിധ പ്രദേശങ്ങളിലായി മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.


കാസർകോട് പട്ള ബൂഡിൽ കാൽതെറ്റി തോട്ടിൽ വീണ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടിക്കുളം സ്വദേശി സാദിഖ് ആണ് മരിച്ചത്. വൈപ്പിൻ മുനമ്പത്ത് ബോട്ടിൽ നിന്ന് വീണ് യുവാവ് മരിച്ചു. വെസ്റ്റ് ബം​ഗാൾ സ്വദേശി രാമകൃഷ്ണ വിശ്വാസാണ് മരിച്ചത്.


കണ്ണൂർ രാമന്തളി പാലേക്കാട് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. സുലൈമാൻ, ഇബ്രാഹിം എന്നിവരുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഒരു വീടിന്റെ അടുക്കള പൂർണമായും തകർന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു. കൊല്ലാട് സ്വദേശികളായ വി ജെ ജോബി(36), അരുൺ സാം(37) എന്നിവരാണ് മരിച്ചത്. കോട്ടയം കൊല്ലാട് പാറക്കടവിലാണ് അപകടമുണ്ടായത്. മീൻ പിടിക്കാൻ വള്ളത്തിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ഒരാൾ രക്ഷപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home