മഴ കനത്തു: ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തത്തോടെ പ്രധാന ഡാമുകളിലടക്കം ജലനിരപ്പ് ഉയർന്നു. കെഎസ്‌ഇബിയുടെ എട്ട് ഡാമിലും ജലസേചന വകുപ്പിന്റെ രണ്ട് ഡാമിലും ശനിയാഴ്‌ച മൂന്നാംഘട്ട മുന്നറിയിപ്പ് (റെഡ് അലേർട്ട്) പ്രഖ്യപിച്ചു. കെഎസ്‌ഇബിയുടെ രണ്ട് ഡാമുകളിൽ രണ്ടാം ഘട്ട മുന്നറിയിപ്പും (യെല്ലോ അലേർട്ടും) ജലസേചന വകുപ്പിന്റെ മൂന്നു ഡാമുകളിൽ രണ്ടാം ഘട്ട മുന്നറിയിപ്പും നൽകി.
പത്തനംതിട്ട മൂഴിയാർ, ഇടുക്കി പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർപെരിയാർ, തൃശൂർ ഷോളയാർ, പെരിങ്ങൽക്കുത്ത്, വയനാട് ബാണാസുരാസാഗർ, പാലക്കാട് പോത്തുണ്ടി, മീങ്കര ഡാമുകളിലാണ് റെഡ് അലേർട്ട്. ഷോളയാർ, ലോവർ പെരിയാർ, കല്ലാർകുട്ടി ഡാമുകളിൽ സംഭരണശേഷിയുടെ 95ശതമാനത്തിന് മുകളിലാണ് ജലനിരപ്പ്. ഇടുക്കിയിൽ സംഭരണ ശേഷിയുടെ 64.40 ശതമാനവും ഇടമലയാറിൽ 66.48 ശതമാനവും പെരിങ്ങൽക്കുത്തിൽ 61.49ശതമാനവും ബാണാസുരാ സാഗറിൽ 89.43ശതമാനവുമാണ് ജലനിരപ്പ്. ജലസേന വകുപ്പിന്റെ 13ഡാമുകളിൽ മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.









0 comments