ആരോഗ്യ ഗവേഷണത്തിൽ മുന്നോട്ട്

തിരുവനന്തപുരം
: രണ്ടാം എൽഡിഎഫ് സർക്കാർ നാലുവർഷം പൂർത്തിയാക്കുമ്പോൾ ആരോഗ്യമേഖലയിൽ വിവിധ വിഷയങ്ങളിലായി നാൽപ്പതോളം ഗവേഷണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഐസിഎംആറിന്റെ ധനസഹായത്തോടെ നാല് പദ്ധതികളും കെഎസ്എസിഎസ്/നാകോയുടെ ധനസഹായത്തോടെ ആറ് പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഏകാരോഗ്യ പ്രവർത്തനങ്ങളുടെ (വൺ ഹെൽത്ത്) ഭാഗമായി മഹാമാരികളാകാൻ സാധ്യതയുള്ള വൈറസുകളെപ്പറ്റി ഗവേഷണം നടത്താനും സാമൂഹിക പ്രതിരോധം തീർക്കാനും കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപാ റിസർച്ച് ആൻഡ് റസിലിയൻസ് സ്ഥാപിക്കാൻ അനുമതി നൽകി.
ആരോഗ്യവകുപ്പിലെ ഗവേഷണ പദ്ധതികൾക്ക് അനുമതി നൽകുന്നതിന് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ കേരളയും എത്തിക്കൽ സമിതിയും ടെക്നിക്കൽ സമിതിയും രൂപീകരിച്ചു. അമേരിക്കൻ മാതൃകയിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ കേരള ആരംഭിക്കുന്നതിനും തത്വത്തിൽ അനുമതി നൽകി.
എസ്എച്ച്എസ്ആർസിയുടെ നേതൃത്വത്തിൽ ജീവിതശൈലീ രോഗങ്ങൾ, സാന്ത്വന പരിചരണം, മാനസികാരോഗ്യം, വയോജന ആരോഗ്യം, പകർച്ചവ്യാധി പ്രതിരോധം മുതലായ മേഖലകളിലും ഗവേഷണം നടക്കുന്നുണ്ട്. കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ നിർമാണം പുരോഗമിക്കുന്നു. അലോപ്പതി, ആയുഷ് മേഖലകളിലെല്ലാം സർക്കാർ ഗവേഷണത്തിന് നൽകുന്നത് വലിയ പ്രാധാന്യമാണ്.









0 comments