ഹൃദയപൂർവം
ഹൃദയാഘാത പ്രഥമശുശ്രൂഷാ പരിശീലന ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്: 200ലധികം കേന്ദ്രങ്ങളിൽ വിദഗ്ധ പരിശീലനം

പ്രതീകാത്മകചിത്രം
തിരുവനന്തപുരം: ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആർ: കാർഡിയോ പൾമണറി റെസെസിറ്റേഷൻ) പരിശീലന ബോധവത്ക്കരണ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. 'ഹൃദയപൂർവം' എന്ന പേരിട്ട ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ലോക ഹൃദയ ദിനമായ സെപ്തംബർ 29 തിങ്കൾ രാവിലെ 8.30ന് നിയമസഭ ശങ്കര നാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും. ആരോഗ്യ മന്ത്രി വീണാ ജോർജ് പങ്കെടുക്കും. മന്ത്രിമാർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം നിയമസഭാ സാമാജികർക്കും ജീവനക്കാർക്കുമുള്ള പരിശീലനം ആരംഭിക്കും.
ഹൃദയാഘാതം ഉണ്ടാകുന്ന രോഗിയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നൽകുന്ന ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ പരിശീലനം എല്ലാവർക്കും ലഭ്യമാക്കാനാണ് സംസ്ഥാന വ്യാപകമായി ജനകീയമായ പരിശീലന പരിപാടി ആരംഭിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി ആകെ 200ലധികം പരിശീലന കേന്ദ്രങ്ങൾ ഉണ്ടാകും. ആധുനിക മാനിക്ക്വിനുകളുടെ സഹായത്തോടെയാണ് പരിശീലനം. സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പരിശീലന പരിപാടികളിൽ മെഡിക്കൽ കോളേജുകൾ, മറ്റ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാർ പരിശീലനത്തിന് നേതൃത്വം നൽകും. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ നല്ലൊരു ജനവിഭാഗത്തെ സിപിആർ പരിശീലനത്തിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഡ്രൈവർമാർ, പൊലീസ് ഉദ്യോഗസ്ഥർ, കോളേജ് വിദ്യാർഥികൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ, സന്നദ്ധസേവകർ തുടങ്ങി വലിയൊരു സേനക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകും. കേരളത്തിലെ മുഴുവൻ ജനങ്ങളെയും പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകി പ്രാപ്തരാക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പരിശീലനം ലഭിച്ച ഏതൊരാൾക്കും ചെയ്യാൻ സാധിക്കുന്ന പ്രഥമ ശുശ്രൂഷാ മാർഗമാണ് സിപിആർ. ഹൃദയം സ്ഥിതിചെയ്യുന്ന നെഞ്ചിന്റെ ഇടത് ഭാഗത്താണ് സിപിആർ ചെയ്യേണ്ടത്. ആദ്യത്തെ കൈയുടെ മുകളിൽ മറ്റൊരു കൈ വയ്ക്കുകയും വിരലുകൾ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്ത് അഞ്ചുമുതൽ 6 സെന്റിമീറ്റർ താഴോട്ട് നെഞ്ചിൽ അമർത്തിയാണ് സിപിആർ നൽകേണ്ടത്. സിപിആറിന് പുറമേ വായിലൂടെ കൃത്രിമ ശ്വാസോച്ഛ്വാസവും നൽകണം. രോഗി പ്രതികരിക്കുന്നത് വരേയോ ആശുപത്രിയിൽ എത്തുന്നത് വരേയോ ഇത് തുടരണം.









0 comments