എല്ലാവർക്കും ആരോഗ്യ പരിരക്ഷ; കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം: മന്ത്രി

vision 2031 veena
വെബ് ഡെസ്ക്

Published on Oct 14, 2025, 12:55 PM | 2 min read

പത്തനംതിട്ട: 2031ൽ എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്‌പെഷ്യാലിറ്റി ചികിത്സകൾ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതൽ മെച്ചപ്പെടുത്തും. ട്രോമാ കെയർ, എമർജൻസി സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും. ആരോഗ്യ സേവനങ്ങളിൽ തുല്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷൻ 2031ആരോഗ്യ സെമിനാറിൽ 'കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031' നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


വിവിധ സ്‌കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ഈ പദ്ധതി വഴി 42.2 ലക്ഷം കുടുംബങ്ങൾക്ക് പരിരക്ഷ നൽകുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 5 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ചികിത്സ നൽകുന്നത്. കൂടുതൽ പേർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കാനും ലക്ഷ്യമിടുന്നു.


രോഗാതുരത കുറയ്ക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കുന്നതിനായി ഹെൽത്തി ലൈഫ് ക്യാമ്പയിൻ നടപ്പിലാക്കുന്നു. ആയുഷ് വകുപ്പിന് കീഴിൽ 10,000 യോഗ ക്ലബ്ബുകൾ ആവിഷ്‌കരിച്ചു. സ്‌കൂൾ ഹെൽത്ത് പദ്ധതി നടപ്പിലാക്കും. മാനസികാരോഗ്യം ഉറപ്പാക്കാനായി സംവിധാനങ്ങൾ മെച്ചപ്പെടുത്തും. ജീവിതശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആർദ്രം ജനകീയ ക്യാമ്പയിൻ ആരംഭിച്ചു. 30 വയസിന് മുകളിലുള്ളവർക്ക് വീട്ടിലെത്തി ജീവിതശൈലീ രോഗ സ്‌ക്രീനിങ് നടത്തി ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കി. കാൻസർ പ്രതിരോധത്തിനായി ആരോഗ്യം ആനന്ദം അകറ്റാം അർബുദം ജനകീയ ക്യാമ്പയിൻ ആവിഷ്‌ക്കരിച്ചു. ഇതുവരെ 20 ലക്ഷത്തിലധികം പേരെ സ്‌ക്രീനിങ് നടത്തി. അത്യാധുനിക കാൻസർ ചികിത്സാ സംവിധാനങ്ങൾ നടപ്പിലാക്കി.


പകർച്ചവ്യാധി പ്രതിരോധത്തിന് വളരെ പ്രാധാന്യം നൽകുന്നു. ആരോഗ്യ മേഖല പുതിയ വെല്ലുവിളികളാണ് നേരിടുന്നത്. വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾ, അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുകയും പ്രധാനമാണ്. ഈ ലക്ഷ്യം മുൻനിർത്തി എപ്പിഡമിക് ഇന്റലിജൻസ് സംവിധാനം വികസിപ്പിക്കും. പ്രാദേശിക അടിസ്ഥാനത്തിൽ മൈക്രോപ്ലാനുകൾ തയ്യാറാക്കി പ്രതിരോധം ശക്തിപ്പെടുത്തുന്നു. മെഡിക്കൽ കോളേജുകളെ പൂർണമായും ടെർഷ്യറി കെയറുകളാക്കും. ചികിത്സാ മേഖലയിലെന്ന പോലെ അക്കാദമിക് രംഗത്തും മുന്നേറ്റം നടത്തും. ആയുർവേദ രംഗത്ത് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം വലിയ മുന്നേറ്റമുണ്ടാക്കും.


കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. അതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. എഎംആർ പ്രതിരോധത്തിൽ രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ശാസ്ത്രീയമല്ലാത്ത തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. 'ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ' ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home