പുരസ്കാരം ലഭിച്ചതിൽ സന്തോഷം; എപ്പോഴും നയിച്ചത് പ്രേഷകരുടെ ഇഷ്ടം: വിജയരാഘവൻ

VIJAYARAGHAVAN
വെബ് ഡെസ്ക്

Published on Aug 01, 2025, 09:03 PM | 1 min read

തിരുവനന്തപുരം: ദേശീയ പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഇത്രയും വർഷം സിനിമയിൽ നിൽക്കുന്നതിന് രാജ്യം നൽകുന്ന അം​ഗീകാരമായി കാണുന്നുവെന്നും നടൻ വിജയരാഘവൻ. പൂക്കാലത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിനാണ് വിജയരാഘവന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചത്. ഇത്രയും വർഷം സിനിമയിൽ നിൽക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാ​ഗ്യം. മറ്റ് ജോലികൾക്കൊന്നും പോയിട്ടില്ല. പ്രൊഫഷൻ തന്നെ സിനിമയാണെന്നും എല്ലാമെല്ലാം ഈ അഭിനയജീവിതമാണെന്നും വിജയരാഘവൻ പറഞ്ഞു.


കുട്ടിക്കാലം മുതൽ നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയതാണ്. കോളേജ് കാലം കഴിഞ്ഞപ്പോൾ പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. സിനിമയിൽ വന്നിട്ട് 42 വർഷമായി. അഭിനയ രം​ഗത്ത് തന്നെ സജീവമായിട്ട് 53 വർഷമായി. എല്ലാത്തനും കൂടിയുള്ള ഒരു അം​ഗീകാരമായി ഈ പുരസ്കാരത്തെ കാണുന്നു. പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പുരസ്കാരം ഒരിക്കലും ലക്ഷ്യംവച്ചിരുന്നില്ല. എപ്പോഴും നയിച്ചിരുന്നത് പ്രേഷകരുടെ ഇഷ്ടമാണ്. അവരുടെ ഇഷ്ടത്തിന്റെ പ്രതിഫലനമാണ് എപ്പോഴും പുതിയ കഥാപാത്രങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും വിജയരാഘവൻ പറഞ്ഞു.


ദേശാടനം, രൗദ്രം, എന്നിവയിലൊക്കെ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തു. ലീല എന്ന സിനിമയിലെ കഥാപാത്രം പ്രേഷകർക്കിടയിൽ അം​ഗീകരിക്കപ്പെട്ടില്ല. അത് വലിയ നിരാശയായിരുന്നു. പൂക്കാലത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിനായി കൺപുരികം പകുത്തി വടിച്ചുകളഞ്ഞു, മൂക്കിലെ രോമം വളർത്തി, ശരീരഭാരം കുറച്ചു. മറ്റ് സിനിമകൾ ആ കാലത്ത് ചെയ്തില്ല. വിജയരാഘവനാണ് സ്ക്രീനിലുള്ളതെന്ന് തോന്നരുതല്ലോ. അം​ഗീകാരം എപ്പോഴും അതത് സമയത്ത് ലഭിക്കുമെന്നാണ് കരുതുന്നത്. പുരസ്കാരം വൈകി എന്ന് തോന്നുന്നില്ല. സിനിമയിൽ നല്ല കഥാപാത്രം ഒരുക്കിത്തന്ന അണിയറപ്രവർത്തകർക്ക് എല്ലാവർക്കും കൂടി അകാശപ്പെട്ടതാണ് പുരസ്കാരമെന്നും നടൻ പറഞ്ഞു.











deshabhimani section

Related News

View More
0 comments
Sort by

Home