ഹജ്ജിനായി 576 പേർ യാത്രതിരിച്ചു

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച രണ്ട് വിമാനങ്ങളിലായി 576 തീർഥാടകർ യാത്ര തിരിച്ചു. രാവിലെ 9.30ന് 289 പേരും രാത്രി 8.20ന് 287 പേരുമാണ് പുറപ്പെട്ടത്.
നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ സന്ദർശിച്ചു. പി ഉബൈദുള്ള എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, നൂർ മുഹമ്മദ് നൂർ ഷാ, മുഹമ്മദ് സക്കീർ, ടി കെ സലീം എന്നിവർ സംസാരിച്ചു.
ഇക്കുറിയും വനിതകൾ മുന്നിൽ
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്ന് ബുധനാഴ്ചവരെ 2857 തീർഥാടകർ ഹജ്ജിനായി യാത്ര തിരിച്ചു. വനിതാ തീർഥാടകരാണ് ഇക്കുറിയും കൂടുതലുള്ളത്. 982 പുരുഷന്മാരും 1875 വനിതാ തീർഥാടകരുമാണ് യാത്രതിരിച്ചത്.ബുധൻ പകൽ 11.30ന് യാത്ര തിരിച്ച സൗദി എയർലൈൻസിന്റെ എസ്‌വി 3065 നമ്പർ വിമാനത്തിൽ 275 വനിതാ തീർഥാടകർമാത്രമാണുണ്ടായിരുന്നത്. രാവിലെ 7.30ന് പുറപ്പെട്ട സൗദി എയർലൈൻസിന്റെ 3063 നമ്പർ വിമാനത്തിൽ 287 പേരും 3.30നുള്ള സൗദി എയർലൈൻസിന്റെ എസ്‌വി 3067 വിമാനത്തിൽ 286 പേരുമാണ് ഉണ്ടായിരുന്നത്. നെടുമ്പാശേരി വഴി 6016 ഹജ്ജ് തീർഥാടകരാണ് ആകെ പുറപ്പെടേണ്ടത്. ഇതിൽ 2857 പേർ പുറപ്പെട്ടു. ഇനി 3159 പേരാണ് യാത്ര തിരിക്കേണ്ടതെന്ന് ഹജജ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. മൊയ്തീൻകുട്ടി ഹാജി പറഞ്ഞു.









0 comments